രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഹൈക്കോടതിയുടെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് നടപടി പൂർത്തിയാക്കിയത്. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന യുവതി, ഇന്ത്യൻ എംബസി വഴി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മൊഴി നൽകിയത്.
ബുധനാഴ്ച നടന്ന നടപടിക്രമങ്ങൾക്കൊടുവിൽ എംബസി വഴി മൊഴിപ്പകർപ്പ് അയച്ചുനൽകുകയും പരാതിക്കാരിയുടെ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. രാഹുൽ തന്നെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി. കൂടാതെ, തന്നിൽ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങളും പണവും രാഹുൽ ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ശബ്ദസന്ദേശങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക തെളിവുകൾ കഴിഞ്ഞ ദിവസം കോടതി പരിശോധിച്ചിരുന്നു.
