എസ് എന്‍ ഡി പി,ഗുരുദേവ കോളേജിലേക്ക് ബൈപ്പാസ് കടന്നു പോകാന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വേണം

 

 

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഗതാഗതയോഗ്യമാകുന്നതോടെ ഗതാഗതം തടസ്സപ്പെടുന്ന കൊല്ലം കുന്ന്യോറമല റോഡില്‍ പ്രദേശവാസികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും കടന്നു പോകാന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അനുവദിക്കണമെന്നാവശ്യം ശക്തമാകുന്നു. കൊല്ലത്ത് ബസ്സിറങ്ങുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും കൊല്ലം കുന്ന്യോറമല റോഡിലൂടെയാണ് ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ് എന്‍ ഡി പി യോഗം കോളേജിലും,കൊല്ലം ഗുരുദേവ അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജിലേക്കും എത്തുന്നത്. ബൈപ്പാസ് റോഡില്‍ ടാറിംങ്ങ് പ്രവൃത്തി പൂര്‍ത്തിയായാല്‍ കൂടുതല്‍ വാഹനങ്ങള്‍ ഇതു വഴി ഓടി തുടങ്ങും അതോടെ കൊല്ലം കുന്ന്യോറമല റോഡിലൂടെ ബൈപ്പാസ് മുറിച്ചു കടന്നു പോകുന്നത് ക്ലേശകരമാകും. ഇതിന് പരിഹാരമായിട്ടാണ് ഈ ഭാഗത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അനുവദിക്കണമെന്നാവശ്യം ഉയരുന്നത്. ഇക്കാര്യമുന്നയിച്ച് ഷാഫി പറമ്പില്‍ എം.പി,ജില്ലാ കലക്ടര്‍,എന്‍ എച്ച് എ ഐ അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഷാഫി പറമ്പില്‍ എം.പി കുന്ന്യോറമല സന്ദര്‍ശിച്ച വേളയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായി ഇരു കോളേജുകളുടെയും അധികാരികള്‍ പറഞ്ഞു.

 കൊല്ലം എസ് എന്‍ ഡി പി കോളേജിലും ,ഗുരുദേവ കോളേജിലുമായി 1700 ലധികം വിദ്യാര്‍ത്ഥികള്‍ പടിക്കുന്നുണ്ട്. ഇതു കൂടാതെ ഇരു കോളേജുകളിലുമായി ഇരുന്നൂറോളം അധ്യാപകരും ജീവനക്കാരുമായുണ്ട്. സമീപ പ്രദേശത്ത് മുപ്പതോളം കുടുംബങ്ങളും താമസിക്കുന്നുണ്ട്.

 ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൊല്ലം കുന്ന്യോറമല റോഡ് യാത്ര തടസ്സപ്പെടും. കോളേജിലേക്ക് വാഹനങ്ങളില്‍ എത്തേണ്ടവര്‍ കൊല്ലം -നെല്യാടി മേപ്പയ്യൂര്‍ റോഡില്‍ നിര്‍മ്മിച്ച അണ്ടര്‍പാസ് കടന്ന് സര്‍വ്വീസ് റോഡിലൂടെ വരണം. കോളേജില്‍ നിന്ന് തിരിച്ചു പോകുന്നവര്‍ക്ക് യാത്ര അത്ര സുഖകരമായിരിക്കില്ല. അണ്ടര്‍ പാസിലേക്ക് എത്താന്‍ വലതു വശത്തെ സര്‍വ്വീസ് റോഡിലൂടെ തന്നെ തിരിച്ചു പോകേണ്ടി വരും. കോളേജിലേക്ക് കാല്‍നടയായി വരുന്നവര്‍ കൊല്ലം അണ്ടര്‍പാസ് വരെ പോയി തിരിച്ചു നടന്നു വേണം കോളേജില്‍ എത്താന്‍. ഇതിന് പരിഹാരമായിട്ടാണ് ഇപ്പോള്‍ കൊല്ലം കുന്ന്യോറ മല റോഡ് കടന്നു പോകുന്നിടത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉളള സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അവുവദിക്കുന്നുണ്ട്.

പ്രതികരണം

1-എസ് എന്‍ ഡി പി ,ഗുരുദേവ കോളേജുകളിലേക്കുളള വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് തടസ്സമുണ്ടക്കരുത്.ബൈപ്പാസിന്റെ കിഴക്ക് -പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിച്ചു ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അടിയന്തരമായി അനുവദിക്കണം.കോളേജിലെത്താന്‍ കൊല്ലം അണ്ടര്‍പാസ് വരെ പോയി ചുറ്റി തിരിഞ്ഞു വരേണ്ട അവസ്ഥയുണ്ടാക്കരുത്. -എം.എസ്.ആദിഷ് (കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് യൂനിയന്‍ സെക്രട്ടറി).

2-ഇരു കോളേജുകളിലേക്കുമുളള റോഡില്‍ ഫുട്ട് ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കുമെന്ന് എന്‍ എച്ച് എ ഐ അധികൃതരും ,റോഡ് പണി കരാറെടുത്ത അദാനി കമ്പനി അധികൃതരും ഉറപ്പു നല്‍കിയതാണ്. ഇതിന്റെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. -കെ.ഷജിത്ത്(കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍,പന്തലായനി നോര്‍ത്ത്).

Leave a Reply

Your email address will not be published.