കോരപ്പുഴയില്‍ ഡ്രഡ്ജിങ് പുനരാരംഭിച്ചതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളില്‍നിന്നും നാട്ടുകാരില്‍നിന്നും എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും ഫെബ്രുവരി 21നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ യോഗത്തില്‍ തീരുമാനമായി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രവേശനം ഇല്ലെന്ന് കാണിച്ച് സ്ഥാപിച്ച ബോര്‍ഡ് ഉടന്‍ നീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
അമിതമായി മണല്‍ നീക്കല്‍, രാത്രി മണല്‍ കൊണ്ടുപോകല്‍, ചളി നീക്കം ചെയ്യാതിരിക്കല്‍, ചളി പ്രദേശത്തുതന്നെ കുഴിച്ചുമൂടല്‍, പ്രദേശത്തെ കിണറുകളിലെ വെള്ളം വറ്റല്‍, ഉപ്പുവെള്ളം രൂപപ്പെടല്‍ തുടങ്ങിയ ആശങ്കകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കൗണ്‍സിലര്‍മാരും യോഗത്തില്‍ ഉന്നയിച്ചു.
വെള്ളം കെട്ടിക്കിടക്കാതെ കടലിലേക്ക് ഒഴുകിപ്പോകാന്‍ കോരപ്പുഴ മുതല്‍ അഴിമുഖം വരെ അടിഞ്ഞുകൂടിയ എക്കല്‍, മണല്‍ എന്നിവ നീക്കം ചെയ്ത് കോരപ്പുഴക്ക് ആഴം കൂട്ടുന്ന ഡ്രഡ്ജിങ് 2022ലാണ് ആരംഭിച്ചത്. സമുദ്ര നിരപ്പില്‍നിന്ന് മൂന്നര മീറ്റര്‍ ആഴത്തിലും 100-140 മീറ്റര്‍ വീതിയിലും അഴിമുഖത്തുനിന്ന് കിഴക്കോട്ട് 1600 മീറ്റര്‍ നീളത്തിലുമാണ് ഡ്രഡ്ജിങ് നടത്തുന്നത്. മഴ ആരംഭിക്കുന്നത് വരെ ഡ്രഡ്ജിങ് നടന്നിരുന്നു. അനുകൂല കാലാവസ്ഥയായതിനാല്‍ പ്രവൃത്തി പുനരാരംഭിച്ചതോടെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തീരസംരക്ഷണ സമിതി അംഗങ്ങളും എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്.
യോഗത്തില്‍ അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
