തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായുള്ള, എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ 100 ശതമാനം ഹിയറിങ് പൂർത്തിയായി.
കേരളത്തിലെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്ത് ആയ ഇടമലക്കുടിയിലെ മൂന്ന് പോളിങ് സ്റ്റേഷനുകളിലെയും നോട്ടീസ് നൽകിയ മുഴുവൻ വോട്ടർമാരുടെയും ഹിയറിങ്ങ് നടപടി പൂർത്തീകരിച്ച് അർഹരായ മുഴുവൻ വോട്ടർമാരെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 21ന് എസ്ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. എസ്ഐആർ അന്തിമ പട്ടിക പ്രകാരമായിരിക്കും ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
