സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രമെഴുതിക്കൊണ്ട് 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പട്ടം സെന്റ് മേരീസ് സ്കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, അധ്യയനവർഷം ആരംഭിക്കുന്നതിന് മൂന്നുമാസം മുൻപേ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാൻ സാധിക്കുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് മാസത്തിൽ സ്കൂൾ അടയ്ക്കുന്നതോടെ പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് അവധിക്കാലത്ത് തന്നെ പഠനം ആരംഭിക്കാൻ ഇത് സഹായകമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഫെബ്രുവരി രണ്ടാം വാരത്തിൽ തന്നെ വിതരണം ആരംഭിച്ച് മെയ് അവസാനത്തോടെ എല്ലാ പുസ്തകങ്ങളും സ്കൂളുകളിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാഠപുസ്തകങ്ങൾക്കൊപ്പം 8,00,193 കുട്ടികൾക്കുള്ള കൈത്തറി യൂണിഫോം വിതരണവും ഇതോടൊപ്പം നടക്കും.
