കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. കേന്ദ്ര സർക്കാരിൻ്റെ ലേബർ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിൽ കേരളം മുഴുവനായി സ്തംഭിച്ചേക്കുമെന്നാണ് സൂചന.
10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. 30 കോടിയലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. രാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണി വരെയാണ് പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. പാൽ, പത്രം, ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ, ആംബുലൻസ് എന്നിവ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
