ഒരു കാലത്ത് ബാലുശ്ശേരി തൃക്കുറ്റിശ്ശേരിയെ വിറപ്പിച്ച മോഷ്ടാവായും പിന്നീട് നാട്ടുകാർക്കും പോലീസിനുപോലും വേണ്ടപ്പെട്ടവനായി മാറുകയും ചെയ്ത ചിത്രൻ നമ്പൂതിരിയുടെ ജീവിതം നാടകമാകുന്നു. എം.കെ രവിവർമ്മയാണ് നാടക രചയിതാവ്. കോഴിക്കോട് അഭിനയ തിയേറ്റേഴ്സാണ് മിത്രൻ പട്ടേരി എന്ന പേരിൽ നാടകം അരങ്ങിലെത്തിക്കുന്നത്. മാർച്ച് മൂന്നിന് രാത്രി ആനവാതിൽ നെല്ലുള്ളിയിടത്തിൽ പരദേവത ക്ഷേത്രത്തിൽ നാടകത്തിൻ്റെ അരങ്ങേറ്റം നടക്കും. വിനോദ് പാലങ്ങാട് സംവിധാനം ചെയ്ത നാടകം പ്രവീൺ ശിവപുരിയാണ് നിർമ്മിച്ചത്.
ചിത്രൻ നമ്പൂതിരിയെക്കുറിച്ചുള്ള കഥകൾ കേട്ടുമയങ്ങുന്ന മണ്ണാണ് തൃക്കുറ്റിശ്ശേരി ഗ്രാമം. ചിത്രൻ നമ്പൂതിരിയെ നാട്ടുകാർക്കെല്ലാം പേടിയായിരുന്നു. പ്രത്യേകിച്ച് കുട്ടികൾക്ക്. കാക്കയായും പൂച്ചയായുമൊക്കെ വീടിൻ്റെ അകത്തളങ്ങളിൽ കയറി വിലപിടിച്ചതെല്ലാം മോഷ്ടിച്ച് പോകുമെന്നായിരുന്നു നാട്ടുവർത്തമാനം. ഒരുപാടു കാലം പോലീസിൻ്റെ പിടികിട്ടാപുള്ളിയായി ചിത്രൻ നമ്പൂതിരി വിലസി. ഒരിക്കൽ തിരൂരിൽ മോഷ്ടിച്ചാൽ പിന്നീട് പൊങ്ങുക കാസർഗോഡായിരിക്കും. നാട്ടുകാരുടെയെല്ലാം ഉറക്കം കെടുത്തിയ കള്ളൻ.

കൊയിലാണ്ടിയിൽ നിന്നും ടിക്കറ്റില്ലാതെ തീവണ്ടി കയറിയതിന് റെയിൽവേ പോലീസ് പിടികൂടുകയും ഏതാനും ദിവസം ജയിലിൽ കിടക്കുകയും ചെയ്തു. ജയിലിൽ വെച്ച് സഹതടവുകാരുമായുള്ള പരിചയത്തിൽ നിന്നാണ് കൂടുതൽ മോഷണത്തിലേക്ക് ചിത്രൻ നമ്പൂതിരിയെ കൊണ്ടുപോയത്. ജയിലിലെ തടവുകാരാണ് കളവിൻ്റെ ബാലപാഠങ്ങൾ ചിത്രന് പഠിപ്പിച്ചു കൊടുത്തത്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും മോഷണ പരമ്പരകൾ നടത്തി, ചിലത് വിജയിച്ചു. തിരൂരിലെ ക്ഷേത്ര തന്ത്രിയുടെ വീട്ടിൽ പോലും മോഷണം നടത്തി.
ചിത്രൻ നമ്പൂതിരി ക്രമേണ ഒരു ഒന്നാന്തരം കള്ളനായും കവർച്ചക്കാരനായും വളർന്നു. നമ്പൂതിരി കുടുംബത്തിൽ നിന്നും ഒരാൾ കള്ളനായി മാറിയത് സ്വസമുദായത്തിനും അപകീർത്തികരമായി. പിന്നീട് ചെയ്തുപോയ പാപങ്ങൾക്ക് പ്രായശ്ചിത്തമെന്നോണം ചിലരുടെ മുമ്പിൽ ചിത്രൻ നമ്പൂതിരി മുട്ടുമടക്കി. ദൈവങ്ങൾക്ക് മുന്നിൽ നിന്ന് നല്ലവനാകാൻ അദ്ദേഹം പ്രാർത്ഥിച്ചു.

അങ്ങനെയാണ് ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് അദ്ദേഹം മടങ്ങുന്നത്. ബസിലിരുന്ന് ഒന്ന് മയങ്ങിപ്പോയ ചിത്രൻ നമ്പൂതിരി കേട്ടത് തൻ്റെ തൊട്ടു മുന്നിലുള്ള ബസിൽ നിന്നുയരുന്ന ആർത്തനാദമായിരുന്നു. പുക്കിപ്പറമ്പ് ബസപകടമായിരുന്നു അത്. പിഞ്ചുകുഞ്ഞുങ്ങളടക്കം ജീവനോടെ കത്തുന്ന കാഴ്ച. ചിത്രൻ പിന്നീട് ഒന്നും ആലോചിച്ചില്ല. മുണ്ട് മടക്കി കുത്തി അപകടസ്ഥലത്തേക്ക് കുതിച്ചു. തീ കെട്ടടങ്ങിയപ്പോൾ കണ്ട കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. പരസ്പരം ഒട്ടിച്ചേർന്ന കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, രക്ഷാപ്രവർത്തകർ പോലും മടിച്ചു നിന്ന അവസരത്തിൽ നമ്പൂതിരി ബസിൽ കയറി മൃതദേഹങ്ങൾ വാഹനത്തിലേക്ക് മാറ്റാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു. ഇതോടെ ചിത്രൻ ശ്രദ്ധേയനായി മാറി. പിന്നീട് അങ്ങോട്ട് പോലീസിൻ്റെ പ്രിയതോഴനായി. അജ്ഞാത മൃതദേഹങ്ങൾ എവിടെ ഉണ്ടായാലും ചിത്രനെ തേടി പോലീസ് എത്തും. അഞ്ചാറ് ദിവസങ്ങൾ മുമ്പ് തൂങ്ങി മരിച്ച ഒരു യുവാവിൻ്റെ ജീർണ്ണിച്ച മൃതദേഹം പായിൽ കെട്ടി ചുമലിലേറ്റി കൊണ്ടുപോകുന്ന നമ്പൂതിരിയുടെ ചിത്രം ഭീതിദമായിരുന്നു. കിണറ്റിലിറങ്ങിയും ജലാശയത്തിലേക്ക് മുങ്ങാംകുഴിയിട്ടും അദ്ദേഹം മൃതദേഹങ്ങൾ പരതി. ഒടുവിൽ ഒരു വാഹനാപകടത്തിൽ പെട്ട് ചിത്രൻ നാടിനോട് വിടവാങ്ങി. നാട്ടുകാർക്ക് സുപരിചിതനായ ചിത്രൻ്റെ ജീവിതം നാടകത്തിലൂടെ ആവിഷ്കരിക്കുമ്പോൾ അത് ഇരുകൈയും നീട്ടി നാട്ടുകാർ സ്വീകരിക്കുമെന്നാണ് നാടകത്തിൻ്റെ അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്.

