മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന വിരണ്ടുണ്ടായ ദുരന്ത സംഭവത്തിന് ഒരു വര്‍ഷമാകുന്നു,പരിക്കേറ്റവരെ ദേവസ്വം ബോര്‍ഡും സർക്കാരും മറന്നു

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആനകള്‍ വിരണ്ടുണ്ടായ സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്ത സംഭവം നടന്നിട്ട് ഒരു വര്‍ഷമാകുന്നു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13നായിരുന്നു സംഭവം. ദുരന്തത്തില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടതെങ്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സ തുടരുന്നവര്‍ ഇപ്പോഴുമുണ്ട്. കുറുവങ്ങാട് വട്ടാങ്കണ്ടി ലീല(68),താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ(78),ഊരളളൂര്‍ വടക്കയില്‍ രാജന്‍(68) എന്നിവര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ക്ഷേത്രത്തില്‍ എഴുന്നളളത്തിന് കൊണ്ടു വന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ പീതാംബരന്‍ എന്ന ആന വിരണ്ട് ഗോകുല്‍ എന്ന ആനയെ കുത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. വരവ് സംഘങ്ങള്‍ പടക്കം പൊട്ടിച്ചപ്പോഴാണ് ആന വിരണ്ടതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.കുത്തേറ്റ ഗോകുല്‍ ക്ഷേത്ര മുറ്റത്തെ ഓഫീസ് കെട്ടിടത്തിലേക്ക് മറിഞ്ഞു വീണതോടെ,ആ കെട്ടിടം നിലംപതിക്കുകയായിരുന്നു. കെട്ടിടത്തിനുളളില്‍ ഇരിന്നവരും, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് അപകടത്തില്‍പ്പെട്ടത്.
ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മൂന്ന് ലക്ഷം രൂപയും മലബാര്‍ ദേവസ്വം ബോര്‍ഡ് രണ്ട് ലക്ഷം രൂപയും അടിയന്തിര ധനസഹായമായി നല്‍കി. എന്നാല്‍ ഗുരുതരമായി പരിക്ക് പറ്റിയവര്‍ക്ക് സര്‍ക്കാരോ,ഗുരുവായൂര്‍,മലബാര്‍ ദേവസ്വം ബോര്‍ഡുകളോ ഇതുവരെ ഒരു സഹായവും നല്‍കിയില്ല. മണക്കുളങ്ങര ക്ഷേത്രം ഭാരവാഹികള്‍ മുന്‍കൈ എടുത്ത് പരിക്കേറ്റ 16 പേര്‍ക്ക് 3,06,000 രൂപ സഹായ ധനം നല്‍കിയിരുന്നതായി മുന്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഷെനിറ്റ് പറഞ്ഞു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കല്യാണിക്കുട്ടി അമ്മ,വല്‍സല തുടങ്ങിയവര്‍ ഇപ്പോഴും ചികിത്സ തുടരുകയാണ്. ഗുരുതരമായി പരിക്കു പറ്റിയവര്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡും,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഒന്നും നല്‍കിയില്ല. പലരും തുടര്‍ ചികിത്സയ്ക്ക് ബുദ്ധിമുട്ടുകയാണ്. സംഭവ ശേഷം ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍,വനം മന്ത്രി എ.കെ.ശശീന്ദ്രന്‍,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്,പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍,ഷാഫി പറമ്പില്‍ എം.പി തുടങ്ങിയവരെല്ലാം സ്ഥലം സന്ദര്‍ശിച്ചിരുന്നു.
മരിച്ചവരുടെ കുടുംബത്തിനും,പരിക്കു പറ്റിയവര്‍ക്കും ഇന്‍ഷൂറന്‍സ് ആനുകൂല്യവും ഇതു വരെ ലഭ്യമായിട്ടില്ല. ഇതിനുളള നടപടികള്‍ എടുക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ദുരന്തത്തിന് ഒരു വര്‍ഷം തികയും മുമ്പെ പീതാംബരന്‍ എന്ന ആനയുടെ കുത്തേറ്റ ഗോകുല്‍ എന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന അസുഖത്തെ തുടര്‍ന്ന് ചരിഞ്ഞു.
ദുരന്ത സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഉത്സവ ചടങ്ങുകള്‍ ഇത്തവണ നടത്തി. ക്ഷേത്രത്തിലെ ഉച്ചാല്‍ മഹോത്സവം ഫെബ്രുവരി 9 മുതല്‍ 13 വരെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആഘോഷിക്കുന്നുണ്ട്. ആന എഴുന്നളളത്ത് പൂര്‍ണ്ണമായി ഒഴിവാക്കി. പകരം വലിച്ചു കൊണ്ടു പോകാന്‍ കഴിയുന്ന തേരുകള്‍ ഉപയോഗിച്ചായിരിക്കും എഴുന്നളളത്ത്.

Leave a Reply

Your email address will not be published.