പുത്തന്‍ വികസന ആശയങ്ങള്‍ പങ്കുവെച്ച് ബേപ്പൂര്‍ ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റ്. ആദ്യ ദിനം വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സാംസ്കാരിക പരിപാടികളും നടന്നു. ഐ.സി.ആര്.ടി ഗ്ലോബല്‍ ഡയറക്ടര്‍ മനീഷ പാണ്ഡെയുടെ നേതൃത്വത്തില്‍ ‘ഉത്തരവാദിത്ത ടൂറിസം വഴിയുള്ള സുസ്ഥിര ടൂറിസം’ വിഷയത്തില്‍ തുറന്ന ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്, കേരള റെസ്പോണ്സിബിള് ടൂറിസം മിഷന് സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍, വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ജോസഫ് എം ചീര്, എഴുത്തുകാരന് ഫിലിപ്പ ജെയ്ന്‍ കെയി തുടങ്ങിയവര്‍ പങ്കെടുത്തു.
കാലാവസ്ഥ വ്യതിയാനം ടൂറിസത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന വിഷയത്തിലും സമഗ്ര ചര്‍ച്ച നടന്നു. കെ.ടി.ഐ.എല്‍ എംഡി ഡോ. മനോജ് കുമാര്‍ കിനി നയിച്ച ചര്‍ച്ചയില്‍ കാലാവസ്ഥാ വ്യതിയാനം ടൂറിസം മേഖലകളില്‍ സൃഷ്ടിക്കുന്ന ദുരിതങ്ങളും അവ മറികടക്കാന്‍ സാധ്യമാകുന്ന മാര്‍ഗങ്ങളും നിര്‍ദേശിച്ചു.
ബേപ്പൂരിന്റെ ടൂറിസം സാധ്യതകള്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ മാതൃക: ഇന്‍ക്ലൂസീവ് ടൂറിസം നടപ്പാക്കാനുള്ള വഴികള്‍ എന്ന വിഷയത്തില്‍ പ്രത്യേക അവതരണ സെഷന് നടന്നു. ബേപ്പൂര്‍ മേഖലയില്‍ എല്ലാവര്ക്കും ഒരേ വിധത്തില്‍ ആസ്വാദ്യമായ ടൂറിസം വികസിപ്പിക്കാന്‍ അനുയോജ്യമായ മാര്‍ഗങ്ങള്‍, നയങ്ങള്‍, പദ്ധതികള്‍ എന്നിവ വിശദീകരിച്ചു.
രണ്ടാം ദിനമായ ഇന്ന് (ഫെബ്രുവരി 8) മലബാര്‍ മറീന കണ്വെന്ഷന് സെന്ററില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉത്തരവാദിത്ത ടൂറിസം പ്രസന്റേഷന്, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം വിജയ കഥകള്‍ പരിചയപ്പെടുത്തല്‍, സ്ത്രീ സൗഹൃദ ടൂറിസം, ഇന്‍ക്ലൂസീവ് ടൂറിസവും സുസ്ഥിര വികസനവും വിഷയങ്ങളില്‍ സെമിനാറുകള്‍ എന്നിവ നടക്കും.
