നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാരായ കെ. സുധാകരനും എം.കെ. രാഘവനും മത്സരിച്ചേക്കുമെന്ന് സൂചന. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നത്. സുധാകരൻ കണ്ണൂരിലും രാഘവൻ കോഴിക്കോടുമാണ് മത്സരിക്കുക. കോന്നിയിൽ അടൂർ പ്രകാശിനെ മത്സരിപ്പിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. എന്നാൽ അടൂർ പ്രകാശിനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എ ഗ്രൂപ്പ്.
അരുവിക്കര സീറ്റ് ആവശ്യപ്പെട്ട് കെ.എസ്. ശബരിനാഥും എം.എം. ഹസനും രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് കെ. മുരളീധരനെ മത്സരിപ്പിക്കാനും പാർട്ടിയിൽ നീക്കമുണ്ടെന്നാണ് വിവരം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഈ മാസം അവസാനത്തോടെ പുറത്തുവിടാനാണ് ലക്ഷ്യം. സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ ഇതിനായുള്ള ചർച്ചകൾ നടന്നുവരികയാണ്. ഈ മാസം അവസാനത്തോടെ സ്ഥാനാർഥി നിർണയ പ്രക്രിയ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയാണ് മധുസൂദനൻ മിസ്ത്രി അറിയിച്ചത്.
