ദീപക് ആത്മഹത്യ കേസ്; പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത സമർപ്പിച്ച ജാമ്യപേക്ഷയുടെ പരിഗണന തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി.

കഴിഞ്ഞ ദിവസം ഷിംജിതയെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചു.

ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങളോടെ ഉന്നയിച്ച ആരോപണങ്ങളാണ് ദീപക് ജീവനൊടുക്കാൻ കാരണമായതെന്നതാണ് കുടുംബത്തിന്റെ പരാതി.

പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നേരിട്ടുവെന്നാരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസത്തിനുള്ളിൽ തന്നെ 23 ലക്ഷം പേർ വീഡിയോ കണ്ടതായും ഇതു വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും നിർണായക തെളിവുകളൊന്നും ലഭിച്ചില്ല. യാത്രയ്ക്കിടെ ഉപദ്രവം നടന്നതായി ആരും പരാതി നൽകിയിട്ടില്ലെന്ന് ബസ് ജീവനക്കാരും പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.