ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ ഇടപെടലുകള്‍ ഉണ്ടാവണം -ജില്ലാ കലക്ടര്‍

ജില്ലയിലെ ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ജില്ലാതല ജലശുചിത്വ മിഷന്‍ യോഗത്തില്‍ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ആവശ്യപ്പെട്ടു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികളുടെ അവലോകനവും നടന്നു.

ചാത്തമംഗലം പഞ്ചായത്തിലെ താന്നികോട്ടുമലയില്‍ ജലസംഭരണി നിര്‍മിക്കുന്ന പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും തുടര്‍നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും നിര്‍വഹണ ഉദ്യോസ്ഥന്‍ അറിയിച്ചു. പനങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കേണ്ട ജലസംഭരണിയുടെ പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുന്നതില്‍ കലക്ടര്‍ വിശദീകരണം തേടി. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ രേഖകള്‍ വാട്ടര്‍ അതോറിറ്റി പോജക്ട് ഡിവിഷന്‍ ഓഫീസില്‍ ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു.

ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുമതി ലഭിക്കാത്ത റോഡുകളുടെ വിശദാംശങ്ങള്‍ കലക്ടര്‍ ആരാഞ്ഞു. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പെപ്പ് ലൈന്‍ സ്ഥാപിച്ച റോഡുകളില്‍ 60 ശതമാനത്തിലധികം പൂര്‍വസ്ഥിതിയിലാക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബാക്കിയുള്ളവക്ക് പി.ഡബ്ല്യു.ഡിയുടെ അനുമതിക്കുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി കെ സുരേഷ്, പഞ്ചായത്ത് സെക്രട്ടറിമാര്‍, പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.