അപകടം സംഭവിച്ച് ഒരുമാസം കഴിഞ്ഞിട്ടും ഇടിച്ച വാഹനം പോലിസ് കണ്ടെത്തിയില്ലന്ന് പരാതി. ഇക്കഴിഞ്ഞ ജനുവരി ഒൻപതിന് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ ഫയർ സ്റ്റേഷൻ്റെ മുമ്പിൽവെച്ചാണ് ഉള്ളൂർ സ്വദേശി അരട്ടൻ കണ്ടി മീത്തൽ അനീഷിന് (46) ഇരു ചക്ര വാഹനമിടിച്ച് പരിക്കേറ്റത്. അനീഷും ഭാര്യയും ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കവെ മറ്റൊരു ഇരുചക്രവാഹനം ഇടിച്ച് ആണ് പരിക്കേറ്റത്.
കാലിന് ഗുരുതരമായ പരിക്കേറ്റ അനീഷ് റോഡിൽ തെറിച്ച് വീണു. ശബ്ദം കേട്ട് തൊട്ടടുത്ത ഫയർ സ്‌റ്റേഷനിലെ ജീവനക്കാരും സമീപത്തെ യാത്രക്കാരും ചേർന്ന് അനീഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയിൽ അപകടമുണ്ടാക്കിയ സ്കൂട്ടർ നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.
അന്നു തന്നെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും ഇരുപത്തിരണ്ടാം തീയതിയാണ് എഫ്ഐആർ ഇട്ടത്. ഇതുവരെയും അപകടമുണ്ടാക്കിയ ഇരു ചക്ര വാഹനമോടിച്ചയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിരവധി തവണ ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പോയങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. ഫയർ സ്റ്റേഷനിലുള്ള സിസിടിവിയിൽ ഇടിച്ച വാഹനത്തിൻ്റെ ചിത്രം കാണിച്ചു കൊടുത്തുവെങ്കിലും ബൈക്കിൻ്റെ നമ്പർ കണ്ടെത്താൻ സിസിടിവിയിലെ ചിത്രങ്ങളിൽ വ്യക്തതയില്ല . ഫയർ സ്റ്റേഷൻ അടുത്തുള്ള പരിസരത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിൽ അപകടം സംഭവിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. കൊയിലാണ്ടിയുടെ നഗര ഭാഗത്തുണ്ടായ അപകടത്തിൽ അപകടം വരുത്തിയ ആളുടെ വണ്ടി നമ്പർ കണ്ടെത്താൻ സാധിക്കാത്തതാണ് പരാതിക്ക് ഇടയാക്കുന്നത്. വലതു കാൽ മുട്ടിന്റെ എല്ല് പൊട്ടി ചികിത്സയിൽ കഴിയുകയാണ് അനീഷ് . രണ്ടുമാസത്തോളം വിശ്രമം വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 153 നമ്പർ ബൂത്തിന്റെ ബി എൽ ഒ ആണ് അനീഷ്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക് കൊയിലാണ്ടിയിൽ പോയി വരുമ്പോഴായായിരുന്നു അപകടം.







