മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകൾ അതീവ കടുപ്പമേറിയതാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇത്തരം തെറ്റായ പ്രചാരണങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അനാവശ്യമായി ആശങ്കയിലാഴ്ത്തുകയാണെന്നും ഇങ്ങനെയുള്ള പ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വ്യാജ വാർത്തകൾ ചമയ്ക്കുന്നവർക്കും അത് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുന്നവർക്കുമെതിരെ സൈബർ പോലീസിന്റെ സഹായത്തോടെ കർശന നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.. ഔദ്യോഗിക പരീക്ഷാ കലണ്ടർ പ്രകാരം മുന്നോട്ട് പോകണമെന്നും, പരീക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളോ സ്കൂൾ അധികൃതരെയോ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു.







