കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു

മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീമായ ഭദ്രയുടെ ബസുകളാണ് തീപിടിത്തത്തിൽ നശിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

വിമാനത്താവളത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരുന്ന ബസുകളിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ സർവീസ് നടത്താത്ത ബസുകളാണിവയെന്നാണ് വിവരം. അടുത്തടുത്തായി നിർത്തിയിട്ടിരുന്നതിനാൽ തീ പെട്ടെന്ന് മറ്റ് ബസുകളിലേക്കും പടരുകയായിരുന്നു. വിമാനത്താവള ജീവനക്കാരുടെ യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന ബസുകളാണിവ.

കരിപ്പൂർ വിമാനത്താവളത്തിലെ ഫയർ എഞ്ചിനും കോഴിക്കോട്ടുനിന്നുള്ള അഗ്നിശമന സേനാ യൂണിറ്റും എത്തിയാണ് തീയണച്ചത്. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആളപായമില്ല.

Leave a Reply

Your email address will not be published.