തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് അറിയിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. സംസ്ഥാനത്തെ 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിൽ പങ്കെടുക്കുമെന്നാണ് അറിയിപ്പ്.
ഏഴ് വർഷമായി ശമ്പളത്തിൽ വർധനവില്ലെന്നാരോപിച്ചാണ് സമരപ്രഖ്യാപനം. നഴ്സുമാരുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂല നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന വിമർശനവും ഉയരുന്നു. കൂടാതെ, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഭാരവാഹികൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുകയാണെന്നാരോപണവും സമരനേതൃത്വം ഉന്നയിച്ചു.
ആവശ്യങ്ങൾ പരിഗണിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് സമരസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.







