നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു. ദേശീയപാത ബൈപ്പാസുമായി സംഗമിക്കുന്ന നന്തി ബസാറില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. നന്തി ബസാറില്‍ നിര്‍മ്മിച്ച ഉയരപാതയ്ക്ക് ഇരുഭാഗത്തും കോണ്‍ക്രീറ്റ് മതില്‍ ഉറപ്പിച്ച് മണ്ണിട്ട് നിറയ്ക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഉയരപാതയുടെ കിഴക്ക് ഭാഗത്ത് റോഡ് നിര്‍മ്മിച്ചു കഴിഞ്ഞു. പടിഞ്ഞാറ് ഭാഗത്ത് പാതിവഴിയില്‍ എത്തി നില്‍ക്കുന്നു. ഇവിടെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കണ്ണൂര്‍ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ക്ക് ബൈപ്പാസിലേക്ക് പ്രവേശിക്കാന്‍ കഴിയും.
നന്തി കീഴൂര്‍ റോഡില്‍ പുതുതായി നിര്‍മ്മിച്ച അടിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. നന്തി ശ്രീ ശൈലം കുന്നില്‍ റോഡ് പണി ഉപകരാരെടുത്ത വഗാഡ് കമ്പനിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ബൈപ്പാസ് നിര്‍മ്മാണം തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. ഇവിടെ റോഡ് നിര്‍മ്മാണം ഇപ്പോള്‍ ഊര്‍ജ്ജിതമായിട്ടുണ്ട്. അതു കാരണം ബൈപ്പാസിലേക്ക് വാഹനങ്ങള്‍ കയറുന്നതിന് നിയന്ത്രണമുണ്ട്. നന്തിയില്‍ നിന്ന് ബൈപ്പാസിലേക്ക് വരേണ്ടവര്‍ കെല്‍ട്രോണ്‍ ഹില്‍ബസാര്‍ റോഡിലൂടെ പോകേണ്ടി വരും. നന്തി കഴിഞ്ഞാല്‍ പ്രധാന പ്രവൃത്തി നടക്കുന്നത് കൊല്ലം കുന്ന്യോറമലയ്ക്കും പന്തലായനി പുത്തലത്ത് കുന്നിനും ഇടയിലാണ്. കുന്ന്യോറ മലയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കാനുളള നടപടികളും നടക്കുന്നുണ്ട്. ഇവിടെ സോയില്‍ നെയ്‌ലിംങ്ങ് ചെയ്ത സ്ഥലത്ത് 14 മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നുണ്ട്. ഇതിനായി ചാല് കീറി കൊണ്ടിരിക്കുകയാണ്. ചാലു കീറുമ്പോള്‍ കുന്നിടിയുന്നുണ്ട്. ഇത് പരിഹരിക്കാന്‍ പെട്ടെന്ന് തന്നെ ഇവിടെ കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടതായി വാര്‍ഡ് കൗണ്‍സിലര്‍ കെ.ഷജിത്ത് പറഞ്ഞു.
കുന്ന്യോറ മലയുടെ പടിഞ്ഞാറ് ഭാഗം മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലത്തെ ഒന്‍പത് കുടുംബങ്ങളുടെ വീടും സ്ഥലവും നഷ്ടപരിഹാരം നല്‍കി എന്‍ എച്ച് എ ഐ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം തന്നെ സ്ഥലം ഏറ്റെടുക്കും. മലയുടെ കിഴക്ക് വശത്തെ അപകടാവസ്ഥയിലുളള സ്ഥലവും ഏറ്റെടുക്കും. ഈ ഭാഗത്തും സംരക്ഷണ മതില്‍ നിര്‍മ്മിക്കും.

പന്തലായനി കൂമന്‍തോടിന് കുറുകെ അണ്ടര്‍പാസ് നിര്‍മ്മിച്ചതിന്റെ ഇരുവശങ്ങളിലും റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. കൂമന്‍തോട് അടിപ്പാതയ്ക്കും കുന്ന്യോറ മലയ്ക്കും ഇടയില്‍ 300 മീറ്ററോളം നീളത്തിലാണ് കാര്യമായ പ്രവൃത്തി മുന്നേറാനുളളത്. ഇവിടെ റോഡിന് കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി കെട്ടി ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്.
ചെങ്ങോട്ടുകാവില്‍ നന്തി ബൈപ്പാസുമായി ചേരുന്നിടത്ത് നിര്‍മ്മിച്ച അണ്ടര്‍പാസിന് മുകളിലൂടെ വാഹന ഗതാഗതം ഇതുവരെ തിരിച്ചു വിട്ടിട്ടില്ല. ഇവിടെ ഇരുപുറവുമുളള റോഡുകള്‍ അടിപ്പാതയുമായി ബന്ധിപ്പിക്കാനുണ്ട്. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ കൊയിലാണ്ടി നഗരത്തില്‍ പ്രവേശിക്കാതെ ദീര്‍ഘ ദൂര വാഹനങ്ങള്‍ക്ക് ബൈപ്പാസിലൂടെ സഞ്ചരിക്കാവുന്നതാണ്. മാര്‍ച്ച് അവസാനത്തോടെ ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം പിഷാരികാവ് കാളിയോട്ട മഹോത്സവത്തിന് മുന്നോടിയായി ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എന്‍ എച്ച് എ ഐ തയ്യാറാകണമെന്നാവശ്യം ദേവസ്വം ബോര്‍ഡ് അധികാരികള്‍ ഉന്നയിച്ചിട്ടുണ്ട്.






