ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം കൂടുതൽ സുഗമമാക്കാൻ ഫെയ്‌സ് ആപ്പ് അധിഷ്ഠിത ടോക്കൺ സംവിധാനം ഉടൻ നടപ്പാക്കും

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം കൂടുതൽ സുഗമമാക്കാൻ ഫെയ്‌സ് ആപ്പ് അധിഷ്ഠിത ടോക്കൺ സംവിധാനം ഉടൻ നടപ്പാക്കും. ക്ഷേത്രപരിസരത്തെ 12 ഇടങ്ങളിൽ സംവിധാനങ്ങൾ സ്ഥാപിച്ച് ഭക്തർക്ക് നേരിട്ട് ടോക്കൺ ലഭ്യമാക്കും. ടോക്കണിൽ ദർശനസമയം രേഖപ്പെടുത്തിയിരിക്കും. അതുവരെ ഭക്തർക്ക് പ്രത്യേകമായി ഒരുക്കുന്ന കമ്പാർട്ട്മെന്റുകളിൽ വിശ്രമിക്കാം. ടോക്കൺ നമ്പർ അനുസരിച്ച് വിളിപ്പിച്ച് ദർശന ക്യൂവിലേക്ക് പ്രവേശിപ്പിക്കും. സ്ഥിരമായ ക്യൂ കോംപ്ലക്‌സ് സംവിധാനം വരുന്നത് വരെ ഈ സംവിധാനം തുടരും. സന്ദർശകരുടെ എണ്ണം രേഖപ്പെടുത്താനും വ്യക്തിയെ തിരിച്ചറിയാനും സംവിധാനത്തിലൂടെ കഴിയും.

ദർശനം കൂടുതൽ ക്രമബദ്ധമാക്കാനുള്ള പ്രധാന നടപടികളിലൊന്നാണ് ഇതെന്ന് ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റർ ഒ.വി. അരുൺകുമാർ അറിയിച്ചു. പദ്ധതി നടപ്പാക്കാൻ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ടെന്നും മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന കമ്പനിയെ ഭരണസമിതി തെരഞ്ഞെടുത്ത് ചുമതല ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാത്തിരിപ്പ് മേഖലയിൽ കുറഞ്ഞ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ പ്രക്ഷേപണം ചെയ്ത് ഭക്തിപൂർണ അന്തരീക്ഷം സൃഷ്ടിക്കും. ഗുരുവായൂരപ്പന്റെ ചരിത്രവും ഭക്തരുടെ അനുഭവങ്ങളും ഉൾപ്പെടുത്തിയ ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും. കൂടാതെ ശൗചാലയം, മെഡിക്കൽ സൗകര്യം, സ്‌നാക്‌സ് കൗണ്ടർ, വാഷ്‌ബേസിൻ, പൂജ ബുക്കിംഗിനുള്ള ടച്ച് സ്‌ക്രീൻ സംവിധാനം എന്നിവയും ഒരുക്കും. വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡോം തിയേറ്ററും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.