അടുത്ത അധ്യയന വർഷം മുതൽ കേരളത്തിലെ പത്താം ക്ലാസിലെ സിലബസിൽ 25 ശതമാനം കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. പത്താം ക്ലാസിൽ പാഠഭാഗങ്ങൾ കൂടുതലാണെന്ന വിദ്യാർത്ഥികളുടെ ദീർഘകാലത്തെ പരാതി പരിഗണിച്ചാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവിലെ പഠനഭാരം കുറയ്ക്കുന്നതിനായി സിലബസിന്റെ 25 ശതമാനത്തോളം ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
പഠനഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വിദ്യാർഥികൾ മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു. കുട്ടികളുടെ ഈ ആവശ്യം ഗൗരവമായി പരിഗണിച്ച സർക്കാർ, സിലബസ് പരിഷ്കരിക്കാനുള്ള നിർദ്ദേശത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം തേടുകയും കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തു. അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ ഈ മാറ്റങ്ങൾ നിലവിൽ വരും.
സിലബസിന്റെ വലിപ്പം കുറയുമെങ്കിലും പാഠഭാഗങ്ങളുടെ ഗുണനിലവാരത്തിലോ അടിസ്ഥാനപരമായ ഉള്ളടക്കത്തിലോ മാറ്റങ്ങൾ ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. പഠനത്തിന്റെ കാതൽ ചോർന്നുപോകാതെ തന്നെ വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്നതാണ് ഇത്തരമൊരു നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.







