2026-ലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലുമായി (SIR 2026) ബന്ധപ്പെട്ട് 2025 ഡിസംബർ 23-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനെ തുടർന്ന് 2026 ജനുവരി 30 വരെ വോട്ടർമാർക്ക് വിവിധ അപേക്ഷകൾ സമർപ്പിക്കാൻ അവസരം നൽകിയിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ഐ.എ.എസ് അറിയിച്ചു.
ഈ കാലയളവിൽ സ്വീകരിച്ച ഫോമുകൾ:
ഫോം 6 – വോട്ടർപട്ടികയിൽ പേര് ചേർക്കാൻ
ഫോം 6എ – വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് പേര് ചേർക്കാൻ
ഫോം 8 – വിവര തിരുത്തലുകൾ/താമസം മാറ്റം രേഖപ്പെടുത്താൻ
ഫോം 7 – വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ
ലഭിച്ച എല്ലാ പരാതികളും ആക്ഷേപങ്ങളും അപേക്ഷകളും നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് പരിശോധിച്ച് തീർപ്പാക്കും. അംഗീകരിച്ച അപേക്ഷകൾ ഉൾപ്പെടുത്തി ഫെബ്രുവരി 21-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
ജനുവരി 30-ന് ശേഷവും അപേക്ഷകൾ സമർപ്പിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അവ ഫെബ്രുവരി 21-ന് ശേഷമേ പരിഗണിക്കൂ. അർഹരായവരെ തുടർ പുതുക്കലുകളിൽ അനുബന്ധ പട്ടികയിലൂടെ ഉൾപ്പെടുത്തും.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം, അന്തിമ പട്ടിക പ്രസിദ്ധീകരിച്ച തീയതി മുതൽ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ നടക്കുന്ന ‘തുടർച്ചയായ പുതുക്കൽ’ (Continuous Updation) പ്രക്രിയയിൽ ഉൾപ്പെടുന്ന പേരുകൾ കാലക്രമത്തിൽ ക്രമീകരിക്കും. പുതിയ പേരുകൾക്ക് അന്തിമ പട്ടികയിലെ അവസാന ക്രമനമ്പറിന് പിന്നാലെ ക്രമനമ്പർ നൽകും. പട്ടികയിൽ നിന്നുള്ള ഒഴിവാക്കലുകളും മാറ്റങ്ങളും കമ്മീഷന്റെ നിലവിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് കൃത്യമായി രേഖപ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു.







