വടകര: 2016-ലെ ഭിന്നശേഷി അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനേസഷൻ കാഴ്ച പരിമിതർക്കായി സംഘടിപ്പിച്ച എൻവിഷൻ കുടുംബ സംഗമം ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാർക്ക് നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ മറ്റ് പൊതുവിഭാഗങ്ങൾക്ക് നൽകുന്ന പെൻഷനേക്കാൾ കുറഞ്ഞത് 25 ശതമാനമെങ്കിലും അധികമായിരിക്കണം. ഈ നിയമപരമായ ആനുകൂല്യം നിലവിൽ ലഭിക്കുന്നില്ലെന്നും ഇത് അടിയന്തരമായി നടപ്പിലാക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്താൻ പ്രത്യേക ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കണം. ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിന് ബജറ്റിൽ പ്രത്യേക തുക വകയിരുത്തണം. ഹയർസെക്കൻഡറി സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിലെ സാങ്കേതിക തടസ്സങ്ങൾ നീക്കി അർഹരായ ഉദ്യോഗാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നും സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.
വടകരയിൽ വിസ്ഡം യൂത്ത് എൻവിഷൻ കുടുംബ സംഗമം സംസ്ഥാന കൺവീനർ അബ്ദുൽ ഗഫൂർ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.നവാസ് മുഖ്യാതിഥിയായി പങ്കെടുത്തു. വിസ്ഡം യൂത്ത് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി ആധ്യക്ഷം വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.അബ്ദുറഹ്മാൻ ചുങ്കത്തറ, എൻവിഷൻ സംസ്ഥാന ചെയർമാൻ മുസ്തഫ മദനി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് ടി.പി.അബ്ദുൽ അസീസ്, വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ പ്രസിഡൻ്റ് സുബൈർ സലഫി പട്ടാമ്പി, വിസ്ഡം ജില്ലാ ജോയിൻ്റ് സെക്രട്ടറി വി.വി ബഷീർ മണിയൂർ, നൗഷാദ് മാസ്റ്റർ ചെറുവാടി, ഷംസാദ് മാസ്റ്റർ, നവാസ് കെ, സയ്യിദ് വിജ്ദാൻ അൽഹികമി, ജാഫർ നരിക്കുനി, ആഷിക് വടകര തുടങ്ങിയവർ സംസാരിച്ചു.






