ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും
*ജില്ലാ കളക്ടര്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തി*
ജില്ലയിലെ 15 ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി മാര്‍ച്ച് മാസം ഭാഗികമായി കമ്മീഷന്‍ ചെയ്യും. പദ്ധതിയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പെരുവണ്ണാമൂഴിയിലെ 100 എംഎല്‍ഡി ജലശുദ്ധീകരണ ശാലയുടെ പ്രവൃത്തിസ്ഥലം സന്ദര്‍ശിച്ചു. മാര്‍ച്ച് 31നകം പദ്ധതി ഭാഗികമായി കമ്മീഷന്‍ ചെയ്യുമെന്ന് ജലജീവന്‍ മിഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി സി ബിജു ജില്ലാ കലക്ടറെ അറിയിച്ചു. കുടിവെള്ള പദ്ധതിയുടെ സാങ്കേതിക ക്രമീകരണങ്ങളും അനുബന്ധ പ്രവൃത്തികളുടെ നിലവിലെ പുരോഗതിയും ജില്ലാ കളക്ടര്‍ വിലയിരുത്തി.
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ സ്ഥിരതയുള്ളതും സുരക്ഷിതവുമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണിത്. പദ്ധതി പൂര്‍ത്തീകരണത്തോടെ ഉള്ളിയേരി, മൂടാടി, കായണ്ണ, അത്തോളി, പനങ്ങാട്, കൂരാച്ചുണ്ട്, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, തിക്കോടി, അരിക്കുളം, നൊച്ചാട്, കീഴരിയൂര്‍, മേപ്പയൂര്‍, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകളിലെ ഏകദേശം അഞ്ച് ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാനാവും. ഓരോ വ്യക്തിക്കും പ്രതിദിനം 100 ലിറ്റര്‍ വെള്ളം ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
1348 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ജലസ്രോതസ്സ് പെരുവണ്ണാമൂഴി റിസര്‍വോയറാണ്. ഇവിടെ നിന്നും ഫ്‌ളോട്ടിംഗ് ഇന്‍ടേക്ക് സംവിധാനത്തിലൂടെ വെള്ളം പമ്പ് ചെയ്ത് 100 എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിക്കുകയും, തുടര്‍ന്ന് ഗ്രാവിറ്റി മെയിന്‍ പൈപ്പ് വഴി പദ്ധതി പ്രദേശങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുകയും ചെയ്യും. അവിടെ നിന്ന് വിതരണ പൈപ്പ് ശൃംഖല മുഖേന ആകെ 1,26,918 കണക്ഷനുകളിലൂടെ കുടിവെള്ളം എത്തിക്കുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
പദ്ധതിയില്‍ ഉള്‍പ്പെട്ട 31 പ്രവൃത്തികളില്‍ 24 പ്രവൃത്തികള്‍ നിലവില്‍ പുരോഗമിച്ചുവരികയാണ്. ഇതിനകം 1,26,918 വീടുകളില്‍ വാട്ടര്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. പദ്ധതിയുടെ പ്രധാന ഘടകമായ ജല ശുദ്ധീകരണ ശാലയുടെ ഭാഗമായുള്ള ഫ്‌ളോട്ടിങ് ഇന്‍ടേക്ക്, റോ വാട്ടര്‍ പമ്പിംഗ് മെയിന്‍ എന്നിവയുടെ പണി 90 ശതമാനം പൂര്‍ത്തിയായി. 96 കിലോമീറ്റര്‍ പ്രധാന വിതരണ പൈപ്പ്‌ലൈനില്‍ 57 കിലോമീറ്ററില്‍ ഇതിനകം സ്ഥാപിച്ചു. വീടുകളില്‍ വെള്ളം എത്തിക്കുന്നതിനുള്ള 3304 കിലോമീറ്റര്‍ വിതരണ ശൃംഖലയില്‍ 2009 കിലോമീറ്ററില്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്നും ആവശ്യമായ അനുമതികൾ ലഭിക്കുന്നതിനുള്ള കാലതാമസം പ്രയാസം സൃഷ്ടിക്കുന്നതായി ഉദ്യോഗസ്ഥർ ജില്ലാ കലക്ടർ അറിയിച്ചു.
എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ രവി കുമാര്‍, ജല്‍ ജീവന്‍ മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി കെ സുരേഷ്, എഞ്ചിനീയര്‍മാരായ സി ജിതേഷ്, സമീര്‍, ആതിര, ഫൈസല്‍, സുവിന്‍ എന്നിവർക്കൊപ്പമാണ് ജില്ല കളക്ടർ സന്ദർശനം നടത്തിയത്. ജലജീവന്‍ മിഷന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍, തുറയൂര്‍ പഞ്ചായത്തുകളില്‍ 100 ശതമാനം ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനുള്ള ‘ഹര്‍ ഘര്‍ ജല്‍’ പദ്ധതി ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാക്കൂര്‍, കക്കോടി, ഒളവണ്ണ, കുരുവട്ടൂര്‍, പെരുമണ്ണ, കടലുണ്ടി പഞ്ചായത്തുകളില്‍ പദ്ധതി പുരോമിക്കുകയാണ്.






