സംസ്ഥാനത്തെ മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു. ഒരു മുഴം പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറ വിപണിയില്‍ 210 രൂപയുമാണ് വില. ഓണ വിപണിയിലെ വിലയെക്കാള്‍ 25 ശതമാനം വരെ വര്‍ധനവാണ് ഇപ്പോഴുള്ളത്. മഴയും മഞ്ഞും വെല്ലുവിളിയായതോടെ ഉത്പാദനം കുറഞ്ഞതും വിവാഹ, ഉത്സവ സീസണുകളുമാണ് പൂവില ഉയരാന്‍ കാരണം.
കിലോയ്ക്ക് 7000 രൂപ മുതല്‍ 8000 രൂപ വരെയാണ് മുല്ലപ്പൂവിന് വില.. ദിവസേന വില വര്‍ദ്ധിക്കുന്നതിനൊപ്പം പൂവ് കിട്ടാനില്ലെന്നതും പ്രതിസന്ധിയാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് കിലോയ്ക്ക് 4,000 രൂപയായിരുന്നു വില. വിവാഹം, ഉത്സവകാലം, പൊങ്കല്‍ തുടങ്ങിയവയാണ് പെട്ടെന്നുള്ള വില വര്‍ദ്ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്ടില്‍ പലയിടത്തും മുല്ലപ്പൂവില കിലോയ്ക്ക് 12,000 രൂപവരെയായി വര്‍ധിച്ചിട്ടുണ്ട്.
തണുപ്പുകാലത്ത് മുല്ലപ്പൂവിന്റെ ഉത്പാദനം കുറയും. പൂവും ചെറുതാകും. കരിമൊട്ടുകളാണ് നിലവിൽ വിപണികളിൽ കൂടുതലായും ലഭിക്കുന്നത്. ദിണ്ടികൽ, മധുര, മൈസൂരു, നെലക്കോട്ട, ശങ്കരൻകോവിൽ, തെങ്കാശി, കമ്പം, തേനി, കോയമ്പത്തൂർ, മധുര, സത്യമംഗലം ഭാഗങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂവ് എത്തുന്നത്. പിച്ചിക്കും വിപണിയിൽ മുഴത്തിന് നൂറിനു മുകളിൽ വിലയുണ്ട്.







