വടകര: കേന്ദ്ര ഉപരിതല മന്ത്രാലയം കേരളത്തിനായി അനുവദിച്ച സെൻട്രൽ റോഡ് ഫണ്ട് (CRIF) പദ്ധതികളിൽ രണ്ട് പ്രധാന റോഡുകൾ വടകര പാർലമെന്റ് മണ്ഡലത്തിന് അനുവദിച്ചു. ഷാഫി പറമ്പിൽ എം.പി നടത്തിയ നിരന്തരമായ ഇടപെടലുകളുടെയും സമ്മർദ്ദങ്ങളുടെയും ഫലമായാണ് മണ്ഡലത്തിലെ മലയോര-തീരദേശ മേഖലകളെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകളുടെ നവീകരണത്തിനായി 45 കോടി രൂപ അനുവദിച്ചത്.
അനുവദിക്കപ്പെട്ട റോഡുകളിൽ കൂത്തുപറമ്പ് – മൂരിയാട് – കല്ലുവളപ്പ് – വാഴമല – വിലങ്ങാട് – വളയം റോഡ്, കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതും, മലയോര മേഖലയിലെ ചരക്ക് നീക്കത്തിനും യാത്രാസൗകര്യത്തിനും നിർണ്ണായകവുമായ പാതയാണിത്. ഈ റോഡിൻറെ വികസനത്തിന് 25 കോടി രൂപയാണ് അനുവദിച്ചത്. പയ്യോളി – തിക്കോടി പഞ്ചായത്തുകളിലെ തീരദേശത്തിലൂടെ കടന്നു പോകുന്ന മൂരാട് – ഓയിൽ മിൽ – കൊളാവിപ്പാലം – ആവിക്കൽ – തിക്കോടി പഞ്ചായത്ത് റോഡ്, തീരദേശ മേഖലയുടെ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കുന്നതാണ്.
ഈ പദ്ധതിക്കായി 20 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയപാതയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ റോഡ് നവീകരിക്കുന്നതോടെ തീരദേശത്തെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും.
കേരളത്തിന് ആകെ ലഭിച്ച പദ്ധതികളിൽ രണ്ട് പ്രധാനപ്പെട്ടവ വടകരയിലേക്ക് എത്തിക്കാൻ സാധിച്ചത് മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ കരുത്താകുമെന്നും, തീരദേശത്തിന്റെയും മലയോരമേഖലയുടേയും വികസനത്തിൽ ഈ റോഡുകൾ വളരെ നിർണായകരമാണെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു







