തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ യാത്രാ സൗകര്യം ഉറപ്പിക്കുന്ന ആര്‍ആര്‍ടിഎസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നൂറ് കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ യാത്രാ സൗകര്യം അനിവാര്യമാണ്. ഡല്‍ഹി- മീററ്റ് ആര്‍ആര്‍ടിഎസ് കോറിഡോര്‍ മാതൃകയില്‍ നാലുഘട്ടമായാണ് സംവിധാനം വിഭാവനം ചെയ്യുന്നതെന്നും ബജറ്റ് പ്രസംഗത്തില്‍ ബാലഗോപാല്‍ പറഞ്ഞു.
കേന്ദ്ര നഗരകാര്യ മന്ത്രാലയം ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം- തൃശൂര്‍ വരെ ഒന്നാം ഘട്ടമായും തൃശൂര്‍- കോഴിക്കോട് രണ്ടാം ഘട്ടമായും കോഴിക്കോട്- കണ്ണൂര്‍ മൂന്നാം ഘട്ടമായും കണ്ണൂര്‍- കാസര്‍കോട് നാലാം ഘട്ടമായുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. പൊതുവേ ഉയര്‍ന്ന തൂണുകളില്‍ കൂടി പോകുന്നു എന്നതാണ് ഈ ഗതാഗതത്തിന്റെ പ്രത്യേകത. നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നൂറ് കോടി രൂപ അനുവദിക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി







