കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാൽ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽപ്പെട്ടതാണെന്ന കേരള സർക്കാറിൻ്റെ ഉത്തരവ് പാലിക്കണമെന്ന് ഓഹരി ഉടമകളുടെ കൂട്ടായ്മയായ ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ. അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയോഗത്തിലാണ് സംഘടന ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയത്. കമ്പനിയുടെ കണക്കുകൾ കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ പരിശോധിക്കണമെന്ന ആവശ്യം നിരസിക്കപ്പെടുന്നതും, കിയാലിൻെ വാർഷിക ജനറൽ ബോഡി യോഗം സ്ഥിരമായി ഓൺലൈനായി നടത്തുന്നതിനെതിരെയും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തൽസ്ഥിതി തുടരാനാണ് തീരുമാനമെങ്കിൽ നിയമപരമായി മുന്നോട്ടു പോകും.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കോൾ പദവി അനുവദിക്കുക, റൺവേ വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യുക, വിമാനത്താവള വികസനമെന്ന പേരിൽ അനാവശ്യമായി ഭൂമികൾ സർക്കാർ ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിനെതിരെയുമുള്ള പ്രമേയം ഐകകണ്ഠ്യേന അംഗീകരിക്കുകയുണ്ടായി.
നോൺ ഏവിയേഷൻ വരുമാനം കൂട്ടുന്നതിന്ന് എക്സിബിഷൻ സെൻ്റർ ആരംഭിക്കുക, മൈനോറിറ്റി ഓഹരിയുടമകൾക്ക് കമ്പനി ആക്ടനുസരിച്ചുളള പ്രാതിനിധ്യം ഡയറക്ടർ ബോർഡിൽ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിക്കുകയുണ്ടായി.ലോക കേരള സഭ അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കബീർ സലാലയെ യോഗം ആദരിച്ചു. അബ്ദുൽ ഖാദർ പനക്കാട്ട് അധ്യക്ഷനായി. സി പി സലിം, സി ജയചന്ദ്രൻ, കബീർ സലാല, കെ പി മോഹനൻ, പി സി ജോസ്, വി പി അബ്ദുൽ ഖാദർ, പി വിദ്യാധരൻ, കെ പി മജീദ് സംസാരിച്ചു.
അസോസിയേഷന്റെ മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളായി അബ്ദുൽ ഖാദർ പനക്കാട്ട് (ചെയർമാൻ), കബീർ സലാല, പി.സി. ജോസ് (വൈസ് ചെയർമാൻമാർ), സി.പി. സലിം ( ജനറൽ സെക്രട്ടറി), എൻ. ഷൈജു, കെ.പി മജീദ് (സെക്രട്ടറിമാർ), കെ പി മോഹനൻ (ട്രഷറർ), അഡ്വക്കറ്റ് ഷാജി കടയപ്പുറത്ത് (അസിസ്റ്റന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.







