ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് മനംനൊന്ത് യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിതക്ക് ഇന്ന് നിർണായക ദിനം. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിത റിമാൻഡിലാണ്.

ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കേസന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നും, ജാമ്യം ലഭിച്ചാൽ അന്വേഷണം ബാധിക്കാമെന്നുമാണ് മെഡിക്കൽ കോളേജ് പൊലീസ് കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച കോടതി വിശദമായ വാദം നേരത്തെ കേട്ടിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, പൊലീസ് ഇതുവരെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടില്ല.

ഇതിനിടെ, ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ നീക്കണമെന്നാവശ്യപ്പെട്ട് ഒരു യാത്രക്കാരി പൊലീസിനെ സമീപിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് കണ്ണൂർ സിറ്റി സൈബർ പൊലീസിൽ പരാതി നൽകിയതെന്ന് യുവതി അറിയിച്ചു. ഈ പരാതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പൊലീസിന് വിവരാവകാശ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.