ദീപക് ആത്മഹത്യ കേസ്: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത നിലവിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്.

കഴിഞ്ഞ ശനിയാഴ്ച ജാമ്യപേക്ഷയിൽ വാദം കേട്ട കോടതി വിധി ഇന്നത്തേക്ക് മാറ്റിവെച്ചിരുന്നു. ആത്മഹത്യ ചെയ്ത ദീപക്കിനെ മുൻപരിചയമില്ലെന്നും, വീഡിയോ ചിത്രീകരണത്തിന് ദുരുദ്ദേശമില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

അതേസമയം, ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും, ഇതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമാണ് പ്രോസിക്യൂഷൻ വാദം. ഈ വാദം അംഗീകരിച്ച വിചാരണ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ഈ മാസം 16നാണ് കേസിനാസ്പദമായ വീഡിയോ ഷിംജിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ദീപക് ജീവനൊടുക്കി. ആറാം ദിവസം വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് പിടികൂടിയത്. പ്രതിക്കായി ഇന്നും പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. ജാമ്യനിഷേധ ഉത്തരവിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഷിംജിതയുടെ അഭിഭാഷകർ അറിയിച്ചു.

Leave a Reply

Your email address will not be published.