കൊയിലാണ്ടി: ജി.എഫ്.യു.പി. സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ മുനിസിപ്പാലിറ്റി തലത്തിലെ എൽ.പി., യു.പി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രോത്സവത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
വാർഡ് കൗൺസിലർ ശ്രീമതി നുസൈബ അസൈനാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ സുരേഷ് കുമാർ എൻ.എം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ശ്രീമതി പ്രിയങ്ക അനീഷ്, ശ്രീമതി നിമിഷ ബെൽജൻ, ശ്രീ മഹേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. പരിപാടിയിൽ പ്രോഗ്രാം കൺവീനർ ശ്രീ രാജേഷ് ഉപഹാര സമർപ്പണം നിർവഹിച്ചു. ശ്രീ വി.കെ. രവി, ശ്രീ വി.കെ. രാജൻ, ശ്രീമതി അമൃത അതുൽ എന്നിവർ സംസാരിച്ചു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 26 ന് ഉച്ചയ്ക്ക് 2 മണിക്ക് പൂർവ അധ്യാപക-വിദ്യാർത്ഥി സംഗമം, 28 ന് വൈകിട്ട് 3 മണിക്ക് കാരണവ സംഗമം, 29 ന് വൈകിട്ട് 3 മണിക്ക് ലഹരിവിരുദ്ധ സദസ്, 30 ന് വൈകിട്ട് 3 മണിക്ക് അഭിനയ ക്യാമ്പ്, 31 ന് വൈകിട്ട് 3 മണിക്ക് കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.






