മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയും ഗതാഗത കമ്മീഷണറും വ്യത്യസ്ത നിലപാടുകളിൽ നിൽക്കുന്നതായി സൂചന. കേന്ദ്ര നിയമം അതേപടി നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.
കൂടിയാലോചനകളും വിശദമായ പഠനവും നടത്തിയ ശേഷമേ ഭേദഗതികൾ നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു. ഗതാഗത നിയമങ്ങൾ കർശനമാക്കേണ്ടത് അനിവാര്യമാണ് എന്നതാണ് സർക്കാരിന്റെ പൊതുവായ നിലപാട്. എന്നാൽ കേന്ദ്ര നിയമങ്ങൾ അതേപടി സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുത്തണമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത മോട്ടോർ വാഹന നിയമം കർശനമായി നടപ്പിലാക്കുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നുവ്. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതികൾ സംസ്ഥാനത്തും നടപ്പാക്കാനുള്ള നീക്കങ്ങളാണ് നടന്നത്.
ഇത്തവണത്തെ ഭേദഗതികളിൽ കർശനമായ നടപടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ വ്യവസ്ഥകൾ പ്രകാരം:
ഒരു വർഷത്തിനുള്ളിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാം
പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും
കുടിശ്ശികയുള്ള വാഹനങ്ങൾ തടഞ്ഞുവെക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കും
വാഹനത്തിന്റെ ആർ.സി ഉടമയായിരിക്കും നിയമനടപടികൾ നേരിടേണ്ടി വരിക
ലൈസൻസ് എത്ര കാലത്തേക്ക് സസ്പെൻഡ് ചെയ്യണമെന്നത് ബന്ധപ്പെട്ട അതോറിറ്റിക്ക് തീരുമാനിക്കാം
ഭേദഗതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം സർക്കാരിന്റെ കൂടുതൽ ആലോചനകൾക്ക് ശേഷമാകും.







