സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കർശന നിയന്ത്രണങ്ങൾ വരുന്നു. ഒരു വർഷത്തിനിടെ 5 തവണ ഗതാഗത നിയമങ്ങൾ ലംഘിച്ച് ചല്ലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് വരുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കൂടാതെ, ചുവപ്പ് സിഗ്നൽ ലംഘിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഒന്നിലധികം തവണ പിടിയിലായാൽ ലൈസൻസ് മൂന്ന് മാസം വരെ സസ്‌പെൻഡ് ചെയ്യും.
ചല്ലാൻ ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. പിഴയടയ്ക്കാത്ത വാഹനങ്ങളെ ‘ബ്ലാക്ക്‌ലിസ്റ്റിൽ’ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിൽ പെട്ട വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് തുടങ്ങിയ മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ തടയും. മൂന്ന് മാസം കഴിഞ്ഞിട്ടും പിഴയടച്ചില്ലെങ്കിൽ ലൈസൻസും രജിസ്‌ട്രേഷനും റദ്ദാക്കും.
നിയമലംഘനം നടക്കുമ്പോൾ വാഹനത്തിന്റെ ആർസി ഉടമയ്ക്കായിരിക്കും നിയമപരമായ ഉത്തരവാദിത്തം. മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും. നിയമലംഘനം നടന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ ചല്ലാൻ കൈപ്പറ്റണം. നിയമലംഘനം നടന്നിട്ടില്ലെങ്കിൽ 45 ദിവസത്തിനുള്ളിൽ തെളിവ് സഹിതം അത് ബോധിപ്പിക്കണം. അല്ലാത്തപക്ഷം പിഴയടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും.







