നാടകപ്രവർത്തകൻ വിജേഷ് കെ.വി. അന്തരിച്ചു

കോഴിക്കോട്: പ്രമുഖ നാടകപ്രവർത്തകനും അധ്യാപകനുമായ വിജേഷ് കെ.വി. അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞ് വീണ വിജേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടകപ്രേമികളുടെ പ്രിയങ്കരനായിരുന്നു വിജേഷ്. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകൻ കൂടിയായ അദ്ദേഹം നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിൽ ശ്രദ്ധേയനായി. ‘ഈ ഭൂമിയുടെ പേരാണ് നാടകം’ അടക്കമുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ ഏറെ പ്രശസ്തമാണ്.

‘കുഞ്ഞു കുഞ്ഞു പക്ഷി’, ‘നിങ്ങൾ നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ’, ‘പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളിൽ ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങിയ മലയാളികൾ ഏറ്റുപാടിയ നിരവധി ഗാനങ്ങളുടെ രചയിതാവുമാണ് വിജേഷ്. കോഴിക്കോട് സ്വദേശിയായ വിജേഷ് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുമ്പോഴാണ് നാടക രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് സ്കൂൾ ഓഫ് ഡ്രാമയിൽ പഠനം പൂർത്തിയാക്കി നാടക മേഖലയിൽ സജീവമായി. നാടകപ്രവർത്തകയായ കബനിയാണ് ഭാര്യ. വിവാഹ ശേഷം ഇരുവരും ചേർന്ന് ‘തിയറ്റർ ബീറ്റ്‌സ്’ എന്ന പേരിൽ നാടക പരിശീലന കേന്ദ്രം ആരംഭിച്ചിരുന്നു; ഇത് വലിയ ശ്രദ്ധ നേടി.

നാടകത്തിന് പുറമെ നിരവധി സിനിമകൾക്കായി വിജേഷ് അഭിനയ പരിശീലന കളരികളും നടത്തി. മങ്കിപ്പെൻ, മാൽഗുഡി ഡേയ്സ്, മൈ ഗോഡ്, മൈഗ്രേറ്റ് ഫാദർ, ഗോൾഡ് കോയിൻ, മഞ്ചാടിക്കുരു, പുള്ളിമാൻ, ആമി, ക്ലിന്റ് തുടങ്ങിയ ചിത്രങ്ങളുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.