ജനകീയ ചലച്ചിത്രോത്സവങ്ങള്‍ക്ക് പേരുകേട്ട കോഴിക്കോടിന്റെ മണ്ണില്‍ മറ്റൊരു ചലച്ചിത്രോത്സവത്തിന് തിരശ്ശീലയുയരുന്നു. ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന i3fc ചലച്ചിത്രോത്സവത്തിന് ജനുവരി 24 രാവിലെ ഒമ്പത് മണിക്ക് ഈസ്റ്റ്ഹില്‍ കൃഷ്ണമേനോന്‍ മ്യൂസിയം തിയേറ്ററില്‍ തുടക്കമാവുകയാണ്.
മേളയുടെ ഉദ്ഘാടനം അന്ന് വൈകുന്നേരം അഞ്ച് മണിക്ക് ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീമതി ഷെറിന്‍ ഗംഗാധരന്‍ നിര്‍വ്വഹിക്കുന്നു. തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, ചലച്ചിത്ര നടന്‍ ഹരീഷ് പേരടി, സംഗീത സംവിധായകന്‍ സാജന്‍ മാധവ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും. ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് കൂടിയായ ചലച്ചിത്ര സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ വെച്ച് ചലച്ചിത്ര കലാ സംവിധായകന്‍ ഷാജി മുകുന്ദിന് ആദരവ് നല്‍കും.
ജനുവരി 24,25,26 തീയതികളിലായി നടക്കുന്ന മേളയില്‍ വിദേശ ചലച്ചിത്രങ്ങളുള്‍പ്പെടെ 12 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഒരു ദിവസം നാല് ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ചലച്ചിത്ര നിര്‍മ്മാതാവ് പി വി ഗംഗാധരന്‍, സംവിധായകന്‍ ഐ വി ശശി, തിരക്കഥാകൃത്ത് ടി ദാമോദരന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം ഒരുക്കിയിരിക്കുന്ന ‘ഇന്‍ മെമ്മോറിയം’ വിഭാഗത്തില്‍ ഇവര്‍ മൂന്ന് പേരും ചേര്‍ന്നൊരുക്കിയ, മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഇടം പിടിച്ച അഹിംസ, അങ്ങാടി, വാര്‍ത്ത എന്നീ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി തന്നെ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹസ്വചിത്ര മേളയില്‍ വിജയികളായവര്‍ക്ക് ജനുവരി 26ന് വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ വെച്ച് പ്രശസ്ത ചലച്ചിത്ര അഭിനേതാവ് സൈജു കുറുപ്പ് പുരസ്കാരങ്ങള്‍ കൈമാറും.







