മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന് എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാരക മന്ദിരത്തിലെ (ഡിസിസി) ഓഫീസിലെ പി.ശങ്കരൻ മെമ്മോറിയൽ ഹാളിൽ വെച്ച് നിർവഹിക്കുന്നു. കവിയും സാഹിത്യകാരനുമായ കല്പറ്റ നാരായണൻ പുസ്തകം ഏറ്റുവാങ്ങും. ഡിസിസി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ അധ്യക്ഷത വഹിക്കും. ഡോ ജ്യോത്സ്ന പി കടയപ്രത്ത് (അധ്യാപിക, എഴുത്തുകാരി, വിവർത്തക) പുസ്തക പരിചയം നടത്തും. പൂർണ പബ്ലിക്കേഷൻസ് മാനേജിംങ് പാട്നർ എൻ.ഇ മനോഹരൻ, എഴുത്തുകാരൻ തിക്കോടി നാരായണൻ, ബീന പൂവത്തിൽ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ കടൽത്തീരത്തുള്ള പ്രൊവൻസ് പ്രദേശത്ത് ഒരുകൂട്ടം സുഹൃത്തുക്കൾ നടത്തുന്ന യാത്ര ആണ് നോവലിൻ്റെ പശ്ചാത്തലം. ബിരുദാനന്തരബിരുദ പഠനകാലത്ത് സർവകലാശാലയിലെ നാടകസംഘാംഗങ്ങൾ ആയിരുന്നു ഇവർ. ഈ യാത്രയിലും ഒരു ചെറു നാടകം തയ്യാറാക്കാൻ ഇവർ തീരുമാനിക്കുന്നു. യാത്രയ്ക്ക് ശേഷം മാർക്കോയെ കാണാതാവുന്നതിനാൽ പോലീസ് ഈ യാത്രയെ കുറിച്ച് അന്വേഷിക്കുന്നു. യാത്രയ്ക്കിടയിൽ ഈ യുവത സൂക്ഷ്മതയോടെ നടത്തുന്ന ചർച്ചകളും വിശകലനങ്ങളും, പുതുതലമുറ ഏറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളെ ആധുനികതയുടെ മാറ്റോടുകൂടി തന്നെ സ്പർശിക്കുന്നു. പലവിധ ആശയങ്ങളിൽ ഈ കൂട്ടുകാർ അവതരിപ്പിക്കുന്ന അവരുടെ വിശ്വാസങ്ങളും ധാരണകളും മനുഷ്യജീവിതത്തിൻ്റെ സഞ്ചിതവിജ്ഞാനത്തെ സംക്ഷേപിക്കാൻ പരസ്പരസഹായകമാവുന്നു.
മാധ്യമ പ്രവർത്തകൻ ഇടത്തിൽ രാമചന്ദ്രന്റെയും ജയശ്രീദേവിയുടെയും മകനായ മിഥുൻ ധൻബാദ് ഐ.ഐ.ടി.യിൽ നിന്ന് എൻവയേൺമെന്റ് എൻജിനീയറിങ്ങിൽ ബിടെക്ക് (ഹോണേഴ്‌സ് ) ബിരുദവും തുടർന്ന് സ്വിറ്റ്സർലാൻറിലെ ഇ.ടി.എച്ച് സൂറിക്കിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ടി ബി എസിൻ്റെ പൂർണ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.







