അതിവേഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ടെന്ന് ഇ ശ്രീധരൻ. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ അറിയിച്ചു. മണിക്കൂറിൽ 200 കി.മീ. ആയിരിക്കും വേഗത. കേരളത്തിലാകെ 22 സ്റ്റേഷനുകൾ ഉണ്ടാകും. 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവായി കണക്കാക്കുന്നത്. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകും. പദ്ധതിക്കെതിരെ സമരം പാടില്ല. അതിനാൽ ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലമേറ്റെടുപ്പ്. തൂണുകളുടെ പണി കഴിഞ്ഞാൽ ഭൂമി തിരികെ നൽകും. വീട് കെട്ടാൻ പാടില്ല. അതേ സമയം കൃഷിക്ക് ഉപയോഗിക്കാം. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്തിട്ടില്ലെന്നും 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
അതിവേഗ റെയില്‍പാതയ്ക്കുള്ള ഓഫീസ് പൊന്നാനിയില്‍ സജ്ജമെന്ന് ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. അതിവേഗ റെയില്‍വേയുമായി ബന്ധപ്പെട്ട് സമയം കളയാനില്ല. രണ്ടാം തീയതി ഓഫീസ് തുറക്കും.
തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം(കരിപ്പൂര്‍), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിങ്ങനെയായിരിക്കും സ്‌റ്റേഷനുകള്‍. എറണാകുളത്ത് ബൈപ്പാസിനോട് അടുപ്പിച്ചായിരിക്കും സ്റ്റേഷന്‍ വരിക. കാസര്‍കോട് നിന്ന് യാത്രക്കാര്‍ കുറവാണെന്നാണ് പഠനം കണ്ടെത്തിയത്. അതുകൊണ്ട് കാസര്‍കോട് ഒഴിവാക്കി. 100 മുതല്‍ 150 വരെ ആളുകള്‍ മാത്രമാണ് കാസര്‍കോട് നിന്നുള്ളത്. പിന്നീട് ആവശ്യമെങ്കില്‍ കൂട്ടി ചേര്‍ക്കാം. കാസര്‍കോട്ടേയ്ക്ക് സ്‌റ്റേഷന്‍ നീട്ടണമെങ്കില്‍ 200 കോടി രൂപ അധിക ചെലവ് വരും. 200 കിലോമീറ്ററായിരിക്കും ട്രെയിനിൻ്റെ സ്പീഡെന്നും ശ്രീധരൻ പറഞ്ഞു.







