ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗിക അതിക്രമം നടന്നെന്നാരോപിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.

ബസിൽ ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുന്നതായും അതേ നിലപാട് കോടതിയിലും ആവർത്തിക്കാനാണെന്നും അറിയുന്നു. സംഭവമുണ്ടായതായി പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ഇത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ വാദം മുന്നോട്ടുവെക്കുക.

ഷിംജിതയ്ക്ക് നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായതായി ആരോപിച്ച് കഴിഞ്ഞ ദിവസം സഹോദരൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി അറസ്റ്റിലായ ഷിംജിത നിലവിൽ മഞ്ചേരി വനിതാ ജയിലിലാണ്.

അതേസമയം, റിമാൻഡിൽ കഴിയുന്ന ഷിംജിത നൽകിയ പരാതിയിൽ കേസ് എടുക്കുന്നതിനെ കുറിച്ച് ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇമെയിൽ വഴിയാണ് സഹോദരൻ പരാതി നൽകിയതെന്നും പരാതിയിൽ ആരുടെയും പേര് വ്യക്തമാക്കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. ഇതുവരെ പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടില്ല. ഷിംജിതയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. പരിശോധന വേഗത്തിലാക്കാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published.