പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന് പറഞ്ഞു അപമാനിച്ചതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു. 6 വർഷത്തെ ദാമ്പത്യത്തിൽ മകളെ ഭർത്താവ് ഉണ്ണികൃഷ്ണൻ മാനസികമായി ഉപദ്രവിച്ചെന്നും മകളെ ഉപയോഗിച്ച ഉടുപ്പ് പോലെ ഉപേക്ഷിച്ചതായും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ആത്മഹത്യയിൽ പൂന്തുറ പൊലീസ് കേസെടുക്കും. ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യ കുറിപ്പ് ഇട്ട ശേഷമായിരുന്നു അമ്മയുടെയും മകളുടെയും ആത്മഹത്യ.
25 ദിവസമാണ് മകളും മരുമകൻ ഉണ്ണികൃഷ്ണനും ഒന്നിച്ച് താമസിച്ചത്. ഉണ്ണികൃഷ്ണൻ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു. മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട. പിരിയാൻ തക്ക കാരണം ഒന്നും ഇല്ല. എന്തൊക്കെയോ നിസാര കാരണങ്ങൾ. അപമാന ഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തു മതിയായി. ഈ സ്വത്തുക്കൾ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണ സ്വത്തുക്കൾ ആണ്. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്മാരും ഈ സ്വത്തുക്കൾ അനുഭവിക്കാൻ ഇടവരരുതെന്നും ആത്മഹത്യാ കുറിപ്പിൽ സജിതയും ഗ്രീമയും വിശദമാക്കുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പൂന്തുറ സ്വദേശിനി സജന, മകൾ ഗ്രീമ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ സ്വീകരണമുറിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. വളരെ വേഗത്തിൽ മരണം സംഭവിച്ചതും ആത്മഹത്യാ കുറിപ്പിലെ പരാമർശവുമാണ് സയനൈഡ് ആണ് മരണകാരണമെന്ന സംശയത്തിന് ബലം നൽകുന്നത്.







