കോമ്പാറ്റ് സൗത്ത് ഏഷ്യൻ ഗുസ്തി മത്സരത്തിൽ മെഡൽ നേടി താരങ്ങളായി അച്ഛനും മകനും. എരമംഗലം കോറോത്ത് താമസിക്കും പൂളയിൽ (നന്മണ്ട) അബിനേഷും, മകൻ അദ്രിനാഥുമാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുന്നത്. ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുമ്പിനിയിൽ നടന്ന സൗത്ത് ഏഷ്യൻ കോമ്പാറ്റ് ഗുസ്തി മത്സരത്തിൽ അബിനേഷ് സീനിയർ വിഭാഗത്തിലും, അദ്രിനാഥ് ജൂനിയർ വിഭാഗത്തിലും മത്സരിച്ചാണ് രണ്ട് സിൽവർ മെഡലുകൾ നേടിയത്. മുപ്പത് പേരടങ്ങുന്ന ഇന്ത്യൻ ടീമിൽ മെഡലുകൾ നേടുന്ന ഏക അച്ഛനും മകനും എന്ന ബഹുമതിയും ഇവർക്കാണ്.
അബിനേഷ് മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ ഹെഡ് ക്ലർക്കും, അദ്രിനാഥ് കോക്കല്ലൂർ ഹൈസ്കൂൾ 8ാം ക്ലാസ് വിദ്യാത്ഥിയുമാണ്. ജനുവരി 13ാം തിയ്യതി ആണ് കേരള കോമ്പാറ്റ് ഗുസ്തി പ്രസിഡൻ്റ് ഷൈജേഷ് പയ്യോളി, സെക്രട്ടറി സജിത്ത് മണമ്മൽ, കോച്ച് ലിപിൻ കിനാലൂർ എന്നിവരടങ്ങുന്ന 12 പേരുടെ സംഘം യാത്ര തിരിച്ചത്. ബാലുശ്ശേരി നന്മണ്ട യോഷിക്കാൻ മാർഷ്യൽ ആർട്സ് അക്കാഡമിയിൽ ആണ് രണ്ട് പേരും പരിശീലനം നടത്തിവരുന്നത്.







