ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. 27 വർഷം നീണ്ടുനിന്ന ഐതിഹാസികമായ ഔദ്യോഗിക ജീവിതമാണ് അറുപതാം വയസ്സിൽ അവസാനിച്ചത്. 2025 ഡിസംബർ 27-ന് വിരമിക്കൽ പ്രാബല്യത്തിൽ വന്നതായി നാസ ഔദ്യോഗികമായി അറിയിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) മൂന്ന് പ്രധാന ദൗത്യങ്ങളിലായി ആകെ 608 ദിവസമാണ് സുനിത ബഹിരാകാശത്ത് ചെലവഴിച്ചത്. ഒരു നാസ ബഹിരാകാശ യാത്രികൻ ഭ്രമണപഥത്തിൽ ചെലവഴിക്കുന്ന രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ സമയമാണിത്. 1998-ൽ നാസയിൽ ചേർന്ന സുനിത, ടെസ്റ്റ് പൈലറ്റ് എന്ന നിലയിൽ നിന്ന് ബഹിരാകാശത്തെ ഏറ്റവും പരിചയസമ്പന്നയായ വനിതകളിലൊരാളായി വളരുകയായിരുന്നു.
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് ദീർഘകാലം സുനിതയുടെ പേരിലായിരുന്നു. ഒമ്പത് തവണകളിലായി 62 മണിക്കൂറും ആറ് മിനിറ്റുമാണ് അവർ ബഹിരാകാശ നടത്തം (Space Walk) പൂർത്തിയാക്കിയത്. കൂടാതെ, ബഹിരാകാശത്ത് വെച്ച് മാരത്തോൺ ഓടിയ ആദ്യ വ്യക്തി എന്ന സവിശേഷതയും സുനിതയ്ക്കുണ്ട്.
നിലവിൽ ഇന്ത്യ സന്ദർശിച്ചുകൊണ്ടിരിക്കുന്ന സുനിത വില്യംസ്, ബഹിരാകാശമാണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് പടിയിറങ്ങുന്നത്. വിരമിച്ചെങ്കിലും വരാനിരിക്കുന്ന ‘ആർട്ടെമിസ്’ ദൗത്യങ്ങളിലും വിദ്യാഭ്യാസ മേഖലയിലും സുനിതയുടെ സേവനം ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.







