സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം നേരിട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയ ഗോവിന്ദപുരം സ്വദേശി ദീപക്കിൻ്റെ വീട് രാഹുൽ ഈശ്വർ സന്ദർശിച്ചു. ദീപക്കിൻ്റെ വിയോഗത്തിൽ മാതാപിതാക്കളെയും ബന്ധുക്കളെയും അദ്ദേഹം നേരിട്ട് കണ്ട് ആശ്വസിപ്പിക്കുകയും നീതി ഉറപ്പാക്കാൻ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. സംഭവത്തിൽ കുറ്റാരോപിതയായ ഷിംജിത എന്ന യുവതിക്കെതിരെ നിയമനടപടികൾ വേഗത്തിലാക്കണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
ദീപക്കിൻ്റെ വീട്ടിലെത്തിയ രാഹുൽ ഈശ്വർ അച്ഛനും അമ്മയും അടക്കമുള്ള ബന്ധുക്കളുമായി ഏറെനേരം സംസാരിക്കുകയും മരിക്കാൻ ഇടയായ സാഹചര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മരണം സംബന്ധിച്ചുണ്ടായ വിഷയങ്ങളിൽ കുടുംബത്തിന് ആവശ്യമായ എല്ലാവിധ നിയമസഹായങ്ങളും പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ദീപക്കിൻ്റെ കുടുംബത്തിന് നിയമസഹായം നൽകുന്നതിനായി പ്രത്യേക അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
ഇതിനുപുറമേ സാമ്പത്തിക സഹായവും കൈമാറി. ഒരു ലക്ഷം രൂപയാണ് നേരത്തെ ദീപക്കിൻ്റെ കുടുംബത്തിന് നൽകാൻ തീരുമാനിച്ചിരുന്നതെങ്കിലും സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും കൂടുതൽ സഹായം ലഭ്യമായ സാഹചര്യത്തിൽ മൂന്നു ലക്ഷത്തി പതിനേഴായിരം രൂപ (3,17,000) ബന്ധുക്കൾക്ക് കൈമാറാൻ സാധിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. സുഹൃത്തുക്കളുടെയും മെൻസ് അസോസിയേഷൻ്റെയും സഹായത്തോടെയാണ് തുക സമാഹരിച്ചത്.







