ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ നഗരവികസന രേഖ പ്രകാശനം ചെയ്യുമെന്ന വാഗ്ദാനം നടപ്പിലാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. ജനുവരി 23ന് എത്തുന്ന പ്രധാനമന്ത്രി നഗരവികസനം സംബന്ധിച്ച ബ്ലൂ പ്രിൻ്റ് മേയർക്ക് നൽകി പ്രകാശനം ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയായിട്ടാകും പുത്തരിക്കണ്ടം മൈതാനത്തെ സമ്മേളന വേദിയിലേക്ക് എത്തുക.
11 മണിക്ക് പുത്തരിക്കണ്ടത്തു നടക്കുന്ന ബിജെപി സമ്മേളനത്തിൽ വച്ചാണ് നഗരത്തിൻ്റെ വികസന ബ്ലൂ പ്രിൻ്റ് മേയർ വിവി രാജേഷിന് നൽകി പ്രകാശനം നിർവഹിക്കുക. വിശ്വാസം, സുരക്ഷിതത്വം, വികസിത കേരളം എന്നീ മുദ്രാവാക്യമുയർത്തിയാണ് ബിജെപി കേരളത്തിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുകയെന്ന് എസ് സുരേഷ് പറഞ്ഞു. ഇതിനുള്ള ഔദ്യോഗിക തുടക്കവും പ്രധാനമന്ത്രി നിർവഹിക്കും.
തുടർന്ന് കേരളത്തിൽ നിന്ന് യാത്ര ആരംഭിക്കുന്ന നാല് തീവണ്ടികളുടെയും തമിഴ്‌നാടിന് അനുവദിച്ച രണ്ട് ട്രെയിനുകളുടെയും ഫ്ലാഗ് ഓഫ് അദ്ദേഹം നിർവഹിക്കും. കേരളത്തിന് അനുവദിച്ച തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ഹൈദരാബാദ്, നാഗർകോവിൽ – മംഗളൂരു അമൃതഭാരത് ട്രെയിനുകൾ, ഗുരുവായൂർ – തൃശൂർ പാസഞ്ചർ എന്നിവയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. കൂടാതെ തമിഴ്‌നാടിന് അനുവദിച്ച നാഗർകോവിൽ – ചെർലപ്പള്ളി, കോയമ്പത്തൂർ – ധൻബാദ് എന്നീ അമൃതഭാരത് ട്രെയിനുകളും തിരുവനന്തപുരത്തു നിന്നാണ് ഫ്ലാഗ് ഓഫ് ചെയ്യുക. ഇതിനു പുറമെ അമൃതഭാരത് പദ്ധതി പ്രകാരം കേരളത്തിൽ വികസനം പൂർത്തിയാക്കിയ കുറ്റിപ്പുറം, ചങ്ങനാശേരി, ഷൊർണൂർ റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് പ്രധാനമന്ത്രി നിർവഹിക്കും.







