മണമൽ അണ്ടർപാസ് അനുവദിക്കണമെന്ന് എം.പി. നഗരസഭാ കൗൺസിലർമാരുടെയും പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെയും ആവശ്യത്തെ തുടർന്ന് ഷാഫി പറമ്പിൽ എം.പിയും ദേശീയപാതാ ഉദ്യോഗസ്ഥരും ബുധനാഴ്ച സ്ഥലം സന്ദർശിച്ചു. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മണമൽ ഭാഗത്ത് അണ്ടർപാസ് അനുവദിച്ചുകൂടെയെന്ന് ഷാഫി പറമ്പിൽ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. എന്നാൽ ഈ ഭാഗത്ത് റോഡ് പണി ഏതാണ്ട് പൂർത്തിയായതാണെന്നും ഇനി അണ്ടർപാസ് അനുവദിക്കുന്നതിന് സാങ്കേതിക പ്രശ്നമുണ്ടെന്നും എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ വിശദീകരിച്ചു. മുത്താമ്പി റോഡിൽ അണ്ടർപാസും കോമത്തുകരയിൽ ഓവർപാസും ഉള്ളതിനാൽ ഇതിനു നടുവിലുള്ള മണമൽ റോഡിൽ അടിപ്പാത അനുവദിക്കാൻ സാങ്കേതിക പ്രയാസം ഉണ്ടെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഈ ഭാഗത്ത് ജനകീയ ആവശ്യം പരിഗണിച്ച് കാൽനടയാത്രക്കാർക്ക് സഹായമായി ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ് അനുവദിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ അണ്ടർപാസ് അനുവദിക്കുകയാണെങ്കിൽ കേന്ദ്രസർക്കാറിൻ്റെ അന്തിമാനുമതി അനിവാര്യമാണ്. ഇതൊക്കെ കിട്ടാൻ കാലതാമസമെടുക്കും. എന്നാൽ അടിപ്പാത അനുവദിച്ചേ തീരൂ എന്ന് നഗരസഭാ കൗൺസിലർമാർ ആവശ്യപ്പെട്ടു.
വൈസ് ചെർമാൻ സി.ടി ബിന്ദു സ്ഥിരം സമിതി ചെയർമാന്മാരായ എ സുധകാരൻ, എം. ദൃശ്യ. എ.പി സുധീഷ് രമ്യ, കെ.എം നജീബ് കൗൺസിലർമാരായ ശ്രീജാറാണി, ദിനേശൻ, റാഷിദ് മുത്താമ്പി, കെ.കെ ദാമോദരൻ തുടങ്ങിയവർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.







