കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ പൊതുസ്ഥലങ്ങളായി കണക്കാക്കാന്‍ കഴിയുന്നതിനാല്‍ അത്തരം ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ക്രിമിനല്‍ കുറ്റം ചുമത്താന്‍ സാധ്യതയുണ്ടെന്ന് കേരള ഹൈക്കോടതി. വ്യക്തികള്‍ തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കാരണം സ്വകാര്യമായി കണക്കാക്കാമെങ്കിലും, വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ ഒന്നിലധികം അംഗങ്ങള്‍ക്ക് തുറന്ന് വായിക്കാനും കാണാനും കഴിയുന്നതിനാല്‍ അവയെ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അശ്ലീല ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് പൊതുസ്ഥലത്ത് അശ്ലീല വാക്കുകള്‍ ഉച്ചരിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം. ഒരു വിധിന്യായത്തില്‍ വ്യക്തമാക്കി. ഗ്രൂപ്പുകള്‍ ‘ക്ലോസ്‌ഡ്’ ആണെന്നോ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലെന്നോ ഉള്ള വാദങ്ങള്‍ ഇത്തരം കേസുകളില്‍ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
2019ല്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്. ഒരു കമ്പനിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുന്‍ ജീവനക്കാരിയുടെ പേര് എടുത്തുപറഞ്ഞ് അശ്ലീല സന്ദേശം പോസ്റ്റ് ചെയ്തുവെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആറും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വാട്‌സ്ആപ്പ് ഗ്രൂപ്പ് പൊതുസ്ഥലമല്ലെന്നും, പോസ്റ്റ് ചെയ്ത സന്ദേശം ലൈംഗിക അധിക്ഷേപമല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ കേസിലെ പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തിയ കോടതി, ഐപിസി 294(b), 509 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഈ കേസില്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കേസ് തള്ളി.
സന്ദേശം പോസ്റ്റ് ചെയ്ത സമയത്ത് പരാതിക്കാരി ഗ്രൂപ്പിലെ അംഗമല്ലായിരുന്നുവെന്നും, അതിനാല്‍ സന്ദേശം അവര്‍ കാണണമെന്ന് പ്രതി ഉദ്ദേശിച്ചുവെന്നതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, പ്രതി ഉപയോഗിച്ചതായി ആരോപിക്കുന്ന യഥാര്‍ഥ വാക്കുകള്‍ എഫ്‌ഐആറിലോ ചാര്‍ജ് ഷീറ്റിലോ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി കേസ് തള്ളിയത്.







