പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടി. സംഭവത്തിൽ വളർത്തുമകളായ സുൽഫിയത്തിൻ്റെ മുൻ ഭർത്താവ് പൊന്നാനി സ്വദേശി റാഫിയാണ് പിടിയിലായിരിക്കുന്നത്. ഇന്നലെ അർധരാത്രിയോടെയാണ് ദാരുണസംഭവം നടന്നത്. റാഫിയും സുൽഫിയത്തും തമ്മിൽ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്. അക്രമത്തിൽ നാല് വയസുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ തമ്മിൽ അകന്നു താമസിക്കുകയായിരുന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്.
പ്രതി റാഫി മയക്കുമരുന്നിന് അടിമയാണെന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനു പിന്നാലെയാണ് ബന്ധം വേർപെടുത്താൻ തീരുമാനിച്ചത്. മൂന്നുമാസമായി കേസ് നടക്കുന്നു. അഞ്ചുമാസം മുമ്പ് ഭർതൃവീട് വിട്ടിറങ്ങിയതാണ്. കുട്ടിയുടെ അവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നും ബന്ധു വെളിപ്പെടുത്തി.







