ഗൃഹപ്രവേശനം ഒരു ഗ്രാമത്തിലെ കലാകാരൻമാരുടെ കൂട്ടായ്മയാക്കാമെന്ന് തെളിയിക്കുകയാണ് നാടക ഗ്രാമം കോഴിക്കോടെന്ന സംഘം. ചെറുപുനത്തിൽ ദാക്ഷായണി അമ്മയ്ക്ക് ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ പ്രവേശനമാണ് വേറിട്ട ഗൃഹപ്രവേശനമാക്കിയത്. ദാക്ഷായണി അമ്മയെ നേരിട്ട് പരിചയമില്ലാത്തവരടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ ഗൃഹപ്രവേശനത്തിനെത്തി.
പാട്ടും കവിതയും ചിത്രരചനയും കഥ പറച്ചിലുമൊക്കെയായി വീട്ടമ്മയുടെ ഗൃഹപ്രവേശനം വേറിട്ടതാക്കി. കേരളത്തിൽ ആദ്യമായി ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റിവലിൽ തിയറ്റർ സ്കെച്ചൊരുക്കുന്ന സജീവ് കീഴരിയൂരിനെ ആദരിച്ചു. നാടകഗ്രാമം ഡയറക്ടർ ടി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
ശശി പൂക്കാട്, കുഞ്ഞൻ ചേളന്നൂർ, നാരായണൻ മൂടാടിയും ചേർന്ന് ജുഗൽബന്തി ഒരുക്കി. അധ്വാനത്തിന്റെ മഹത്വവും നിർമാണത്തിലെ വൈദഗ്ധ്യവും കൊണ്ട് മനോഹരമായ വീട് നിർമിച്ച നിർമാണ കലാകാരന്മാരെയും ആദരിച്ചു. വിഭവസമൃദ്ധമായ സദ്യയ്ക്കൊപ്പം നാടക ഗ്രാമത്തിന്റെ കലാവിരുന്നുകൂടി ചേർന്നപ്പോൾ മനസ്സും വയറും നിറഞ്ഞാണ് ഗൃഹപ്രവേശനത്തിനെത്തിയവർ പിരിഞ്ഞുപോയത്.







