ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിലും (NCTE) എൻ.ഐ.ടി കാലിക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ദേശീയ കോൺക്ലേവ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസനത്തിൽ അധ്യാപകർക്ക് നിർണായക പങ്കാണുള്ളതെന്നും അവരുടെ പ്രൊഫഷണൽ നിലവാരവും കാര്യക്ഷമതയും ഉറപ്പാക്കുന്നത് രാഷ്ട്രനിർമാണത്തിന് തുല്യമാണെന്നും ഗവർണർ പറഞ്ഞു. നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേർഡ് ഫോർ ടീച്ചേഴ്സ് (NPST), നാഷണൽ മിഷൻ ഫോർ മെന്ററിങ് (NMM) എന്നിവയുമായി ബന്ധപ്പെട്ട് കോഴിക്കോട് എൻ.ഐ.ടിയിൽ സംഘടിപ്പിച്ച കോൺക്ലേവിൽ എൻ.എം.എം ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. എൻ.പി.എസ്.ടി, എൻ.എം.എം പദ്ധതികൾ രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.
എൻ.സി.ടി.ഇ ചെയർമാൻ പ്രൊഫ. പങ്കജ് അറോറ അധ്യക്ഷനായി. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, എസ്.സി.ഇ.ആർ.ടി, ഡയറ്റ് പ്രതിനിധികൾ, കെ.വി.എസ്, എൻ.വി.എസ്, സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ എന്നിവർ കോൺക്ലേവിൽ പങ്കെടുത്തു. പുതിയ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുന്നതിനും അധ്യാപകരുടെ സ്വയം വിലയിരുത്തൽ മോഡ്യൂളുകൾ ഉപയോഗിക്കുന്നതിനും സെഷനുകളിൽ പരിശീലനം നൽകി.
കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പരിപാടിയിൽ സംബന്ധിച്ചത്.







