ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജാമ്യാപേക്ഷ പരിഗണിച്ച് ഇന്നലെ കോടതി ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ടിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് നടന്നത്.
പ്രതിക്കെതിരെ സമാന സ്വഭാവത്തിലുള്ള പരാതികൾ തുടർച്ചയായി ലഭിക്കുന്നുണ്ടെന്നും അതിനാൽ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ വാദിച്ചു. മൂന്നാമത്തെ ബലാത്സംഗ കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇന്ന് വിധി പറയുന്നത്.







