കൊല്ലത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ രണ്ട് കായിക താരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച സാന്ദ്രയുടെ കുടുംബം രംഗത്ത്. സായിയിലെ ജീവിതം ഒരു ജയിലിലെന്ന പോലെയാണെന്ന് മരിക്കുന്നതിന്റെ തലേദിവസം സാന്ദ്ര തന്നോട് പറഞ്ഞിരുന്നതായി അമ്മ സിന്ധു വെളിപ്പെടുത്തി. സ്ഥാപനത്തിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് കുട്ടി പരാതിപ്പെട്ടിരുന്നതായും, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
മുമ്പുണ്ടായിരുന്ന വാർഡനുമായി സാന്ദ്രയ്ക്ക് നല്ല ബന്ധമായിരുന്നുവെന്നും എന്നാൽ ആ വാർഡനെ ഫോണിൽ വിളിക്കരുതെന്ന് സായി ഇൻചാർജ് രാജീവ് കർശനമായി വിലക്കിയിരുന്നതായും കുടുംബം പറയുന്നു. പഴയ വാർഡനെ വിളിച്ചാൽ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സാന്ദ്രയുടെ അമ്മ ആരോപിച്ചു. തന്റെ മകൾ ഇത്തരമൊരു കടുംകൈ ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന കുടുംബം, മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കോഴിക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെയും തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസുകാരിയെയും ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പതിവ് കായിക പരിശീലനത്തിന് കുട്ടികളെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും കുടുംബം ഉന്നയിച്ച പീഡനാരോപണങ്ങൾ കൂടി ഉൾപ്പെടുത്തി കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം തുടരുകയാണ്.







