ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് 104 വയസ്സുകാരിയായ ചിരുതമ്മ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാഫി പറമ്പിലിനെ നേരിൽ കാണാൻ ഒരു ചാനലിൽ നൽകിയ അഭിമുഖത്തിനിടെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷാഫി പറമ്പിൽ മുതുവണ്ണാച്ചയിലെ കരിങ്ങാട്ട് വീട്ടിലെത്തി ചിരുത മുത്തശ്ശിയുടെ അനുഗ്രഹം തേടുകയും ചെയ്തു. പിന്നീട് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം തിരുവോണനാളിൽ ചിരുതമ്മയ്ക്ക് ഓണക്കോടിയുമായി ഷാഫി പറമ്പിൽ മുത്തുവണ്ണാച്ചയിലെ വീട്ടിലെത്തി. അവരോടൊപ്പം ഓണസദ്യ കഴിച്ചതിനുശേഷമാണ് മടങ്ങിയത്. ഈ ദൃശ്യങ്ങൾ എംപിയുടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് വൈറലായിരുന്നു.
കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന ചിരുതമ്മ(106) ഇന്നലെ പുലർച്ചെ വീട്ടിലാണ് മരണപ്പെട്ടത്. താൻ മരണപ്പെട്ടാൽ ഷാഫി നൽകിയ വസ്ത്രങ്ങൾ ധരിപ്പിക്കണമെന്ന് ചിരുതമ്മ അന്ത്യാഭിലാഷമായി മക്കളെ അറിയിച്ചിരുന്നു. മരണവിവര മറിഞ്ഞതിനെ തുടർന്ന് ഷാഫി പറമ്പിൽ എംപി കരിങ്ങാട്ട് വീട്ടിലെത്തി ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുനന്ദ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി പി ഇബ്രാഹിം മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിധീഷ് എൻ എസ്, കെ എം ഇസ്മായിൽ, സാറ കെ കെ, പി ശാലിനി, ഇ എം അഷ്‌റഫ് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.







