പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ 55കാരൻ രാജു ജോസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്റ്റുഡൻ്റ് പോലീസ് യൂണിഫോം ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ പെണ്‍കുട്ടിയുടെ കണ്ണിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുന്നതേയുളള്ളൂവെന്ന് പൊലീസ് അറിയിച്ചു.
